ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്ബോള്‍ കുട്ടികളെ കൊണ്ടുവരുന്നത്..? നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്..’ മലയാളി കേട്ട് പരിചയിച്ച ശൈലിയില്‍ ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കിയത് അന്തരിച്ച നടന്‍ സുകുമാരന്‍.
അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരന്‍ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കി. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും ഓടി കയറുമ്ബോള്‍ ബാലചന്ദ്രമേനോന്റെ ഫില്‍മി ഫ്രൈഡേയിലെ പുതിയ ലക്കത്തില്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.
അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു.
‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’-സുകുമാരന്‍ പറഞ്ഞു.’
‘എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്കൂളില്‍ ഞാന്‍ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമില്‍ പൃഥ്വി എത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്.’
‘സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളില്‍ വെറും പാവമായിരുന്നു സുകുമാരന്‍.’-ബാലചന്ദ്രമേനോന്‍ പറയുന്നു.