ഏലൂര്‍: കൈക്കുഞ്ഞുമായി കയറി വരേണ്ട രേവതി നിറവയറുമായി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത് ഭര്‍ത്താവിന്റേയും മൂത്തമകളുടേയും മുഖം അവസാനമായി ഒരു നോക്കു കാണാന്‍. മറ്റത്തില്‍ വീടിന്റെ മുന്‍പില്‍ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങള്‍ക്കരികിലായി കണ്ണീര്‍ വറ്റി അര്‍ധബോധാവസ്ഥയില്‍ ഇരിക്കുന്ന രേവതിയുടെ അവസ്ഥ കണ്ട് ഒരു നാടാകെ വിങ്ങിപ്പൊട്ടി. നിറവയറില്‍ കൈകള്‍ ചേര്‍ത്തുവച്ച് പരിതപിച്ച രേവതിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവരുടെ അമ്മയും കണ്ണീര്‍ മറയ്ക്കാന്‍ പാടുപെട്ടു.
ദേശീയപാതയില്‍ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച തൃക്കാക്കര തോപ്പില്‍ അരവിന്ദ് ലെയ്ന്‍ മറ്റത്തില്‍ മജേഷിന്റെയും (35), മകള്‍ അര്‍ച്ചനയുടെയും (എട്ട്)സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ആശുപത്രിയില്‍നിന്ന് രേവതി വീട്ടിലേക്ക് മടങ്ങിയത്.
ഭര്‍ത്താവിന്റെയും മകളുടെയും മരണവാര്‍ത്ത രേവതിയെ അറിയിച്ചിരുന്നില്ല. അപകടത്തില്‍ പരിക്കുപറ്റി എന്നുമാത്രമാണ് അറിയിച്ചിരുന്നത്. ഇരുവരും വീട്ടിലേക്ക് വരുന്നത് കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അര്‍ച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിക്ക് പ്രഹരമാവുകയായിരുന്നു മിനിറ്റുകള്‍ക്കകം ഭര്‍ത്താവ് മജേഷിന്റെ മൃതദേഹവും വീടിന് വെളിയില്‍ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്കെത്തിച്ച സംഭവവും.
രേവതിയെ പ്രസവത്തിനായി പാതാളത്തെ ഏലൂര്‍ ഇഎസ്‌ഐസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് മൂന്നോ നാലോ ദിവസം കൂടി ഉണ്ടായിരിക്കെ ചൊവ്വാഴ്ച പ്രസവദിവസമാക്കുകയായിരുന്നു. ഇതിനുവേണ്ട ആശുപത്രി രേഖകളിലൊക്കെ ഒപ്പിട്ട് കൊടുത്ത ശേഷം വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു മജേഷിന്റെയും മകളുടെയും ദാരുണാന്ത്യം.
ഇരുവരുടെയും മരണത്തെ തുടര്‍ന്ന് രേവതിക്ക് പ്രസവത്തിനുള്ള മരുന്നുകള്‍ നല്‍കിയില്ല. ചൊവ്വാഴ്ച രാവിലെയോടെ രേവതിയെ മജേഷിനും മകള്‍ക്കും അപകടം പറ്റിയതായി അറിയിച്ചു. എന്നാല്‍ ഇരുവരും മരിച്ച വിവരം അറിയിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ ഉച്ചയ്ക്ക് 1.50ഓടെ ബന്ധുക്കള്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തൃക്കാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം രേവതിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി നിരവധിയാളുകള്‍ വീട്ടിലെത്തിയിരുന്നു.
കോവിഡ് 19 നിര്‍ദേശങ്ങള്‍ പാലിച്ച് പോലീസിന്റെ സഹായത്തിലാണ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. പിടി തോമസ് എംഎല്‍എ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, മുന്‍ എംഎല്‍എ എഎം യൂസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.
പരേതനായ ബാബുവിന്റേയും ഇന്ദിരയുടേയും മകനായ മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. ബിജെപി തൃക്കാക്കര അയ്യനാട് ഏരിയ കമ്മിറ്റിയംഗമാണ്. കളമശ്ശേരി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായിരുന്നു മരിച്ച അര്‍ച്ചന. കാക്കനാട് അത്താണി ശ്മശാനത്തില്‍ ഇരുവരുടെയും സംസ്‌കാരം നടത്തി.