തന്റെ ഈണങ്ങളിലൂടെ എന്നും സംഗീതപ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഇളയരാജ. ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തില്‍പരം ഗാനങ്ങള്‍ക്കാണ് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. സംഗീത സംവിധാനത്തിനുമപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യകണ്ട അതിപ്രഗത്ഭരായ സംഗീത പ്രതിഭകളിലൊരാളാണ് അദ്ദേഹം.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്ത് 1943 ജൂണ്‍ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1976 ല്‍ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴ് സിനിമാസംഗീതരംഗത്താണ് ഇളയരാജയുടെ കൂടുതല്‍ സംഭാവനകള്‍ എങ്കിലും തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലെ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്‌നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ സ്ഥാപിച്ചു. 1993-ല്‍ ക്ലാസ്സിക് ഗിറ്റാറില്‍ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്‌കൂള്‍ ഓഫ് മ്യൂസിക്‌സില്‍ നിന്നും സ്വര്‍ണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട് . 1991-ല്‍ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ദളപതി എന്ന തമിഴ് ചിത്രത്തിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങള്‍ക്കായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തെത്തി.
2000-ല്‍ ഇളയരാജ സിനിമാസംഗീതത്തില്‍ നിന്നും വ്യതിചലിച്ച് ചില ആല്‍ബങ്ങള്‍ക്കും, ഭക്തിഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു. ഇളയരാജയോടുള്ള ആദരപൂര്‍വ്വം, അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് വിളിക്കാറുണ്ട്. ഇളയരാജ ദേശീയവും അന്തര്‍ദേശീയവുമായ ഒരുപാട് അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. നാല് തവണ ഭാരത സര്‍ക്കാരിന്റെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു. ഭാരതസര്‍ക്കാര്‍ നല്കുന്ന പത്മഭൂഷണ്‍ പുരസ്‌കാരത്തിനും ഇളയരാജ അര്‍ഹനായിട്ടുണ്ട്. സിംഫണി പോലുള്ള സര്‍ഗാത്മകമായ സംഗീതപരീക്ഷണങ്ങള്‍ക്ക് 2012-ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.