ഇലന്തൂര്‍ കേസില്‍ ലൈലയുടെ മൊഴി “റോസിലിയെ കട്ടിലില്‍ കെട്ടിയിട്ട ചിത്രം മൊബൈലില്‍ പകര്‍ത്തി”

കൊച്ചി : ഇലന്തൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസിലിയെ കൈകാലുകള്‍ ബന്ധിച്ച്‌ കട്ടിലില്‍ കിടത്തിയിരിക്കുന്ന ചിത്രം താന്‍ പകര്‍ത്തിയതായി കേസിലെ മൂന്നാം പ്രതി ലൈലയുടെ മൊഴി.

മായ്‌ച്ചു കളഞ്ഞ ചിത്രം വീണ്ടെടുക്കാന്‍ ശ്രമവുമായി അന്വേഷണ സംഘം.
നിലവില്‍ കുറ്റംചെയ്‌തുവെന്നതിനു പ്രതികളുടെ മൊഴി മാത്രമാണു തെളിവ്‌. മറ്റെല്ലാം സാഹചര്യത്തെളിവുകള്‍ മാത്രമാണ്‌. നരബലി നടത്തുംമുമ്ബ്‌ റോസിലിയുടെ ചിത്രം പകര്‍ത്തിയെന്നാണു ലൈലയുടെ വെളിപ്പെടുത്തല്‍. പിന്നീട്‌ ഡിലീറ്റ്‌ ചെയ്‌ത ഈ ചിത്രം വീണ്ടെടുക്കാനായാല്‍ നിര്‍ണായക തെളിവാകും. ചിത്രം വീണ്ടെടുക്കാന്‍ ലൈലയുടെ മൊബൈല്‍ ഫോണുകള്‍ സിഡാക്കില്‍ പരിശോധനയ്‌ക്കു നല്‍കിയിട്ടുണ്ട്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ ലൈലയുടെ രണ്ടു സ്‌മാര്‍ട്ട്‌ ഫോണുകള്‍ മാത്രമാണ്‌ അന്വേഷണസംഘത്തിനു ലഭിച്ചത്‌. രണ്ടാം പ്രതിയും ലൈലയുടെ ഭര്‍ത്താവുമായ ഭഗവല്‍ സിങ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കൃത്യത്തിനു പോകുമ്ബോള്‍ തെളിവു മറയ്‌ക്കാന്‍ ഫോണ്‍ കൊണ്ടുപോകില്ലെന്ന്‌ ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫിയും മൊഴി നല്‍കിയിട്ടുണ്ട്‌.
സംഭവത്തിനു ദൃക്‌സാക്ഷികളില്ലാത്തതാണു പ്രധാന വെല്ലുവിളി. എന്നാല്‍, ഡിജിറ്റല്‍ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കേസ്‌ തെളിയിക്കാമെന്ന പ്രതീക്ഷയിലാണു പോലീസ്‌. കൊല്ലപ്പെട്ട റോസിലിയും പദ്‌മയും ഇലന്തൂരിലെ വീട്ടിലെത്തിയതിനു ദൃക്‌സാക്ഷിയില്ല. ഇലന്തൂരിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ പദ്‌മയുടെ നമ്ബര്‍ മാത്രമേയുള്ളൂ. ഷാഫിയുടെയും ഇരകളായ റോസിലിന്റെയും പദ്‌മയുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാണു പോലീസ്‌ ശ്രമം. ഷാഫിയുടെ പേരില്‍ അഞ്ച്‌ സിം കാര്‍ഡുകള്‍ എടുത്തിരുന്നതായി വിവരമുണ്ട്‌. അതില്‍ മൂന്നു സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചിരുന്നു. എന്നാല്‍, വഴക്കിനേത്തുടര്‍ന്നു തന്റെ ഫോണ്‍ ഭാര്യ തല്ലിപ്പൊട്ടിച്ചെന്നാണു ഷാഫിയുടെ മൊഴി. ഇക്കാര്യം ഷാഫിയുടെ ഭാര്യ നഫീസയും ചോദ്യംചെയ്യലില്‍ ആവര്‍ത്തിച്ചു.
മൊഴിപ്രകാരം പദ്‌മയുടെ കൊലപാതകം നടന്ന സെപ്‌റ്റംബര്‍ 26 ന്‌ രാവിലെയാണു ഫോണ്‍ നശിപ്പിച്ചത്‌. അന്വേഷണം തന്നിലേക്കെത്തുമെന്ന ഘട്ടത്തില്‍ ഷാഫിതന്നെ ഫോണ്‍ നശിപ്പിച്ചതാകാനുള്ള സാധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. പദ്‌മയുടെ മൊബൈല്‍ ഇലന്തൂരില്‍വച്ചും റോസിലിയുടേതു കൃത്യം നടത്തി തിരികെ വരുംവഴി ആലപ്പുഴയില്‍ വച്ചും തോട്ടിലേക്ക്‌ എറിഞ്ഞെന്നാണു ഷാഫിയുടെ മൊഴി. ഇലന്തൂരിലെത്തുമ്ബോള്‍ പദ്‌മയുടെ കൈവശം അവരുടെ ഫോണ്‍ ഉണ്ടായിരുന്നുവെന്നതും പോലീസിനു പ്രതീക്ഷ പകരുന്നു. അതേസമയം, മൃതദേഹാവശിഷ്‌ടങ്ങള്‍ റോസിലിയുടെയും പദ്‌മയുടെയുമാണെന്നു തെളിയിക്കാന്‍ ഡി.എന്‍.എ. ഫലം അനിവാര്യമാണ്‌. ഫലം നെഗറ്റീവായാല്‍ അന്വേഷണം വഴിമുട്ടുമെന്ന സ്‌ഥിതിയാണ്‌്.

റോസിലിയുടെ കൊലപാതകം പുനരാവിഷ്‌കരിച്ചു

കോഴഞ്ചേരി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ റോസിലിയുടെ കൊലപാതകവും ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്‌കരിച്ച്‌ പോലീസ്‌. സംഭവം നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും മറ്റു സ്‌ഥലങ്ങളിലും എത്തിച്ചുനടത്തിയ തെളിവെടുപ്പിനിടെയായിരുന്നു കൊലപാതകത്തിന്റെ പുനരാവിഷ്‌കരണം. പ്രതികളെ കസ്‌റ്റഡിയിലെടുത്തശേഷം ഇത്‌ അഞ്ചാം തവണയാണ്‌ ഇലന്തൂരില്‍ തെളിവെടുക്കുന്നത്‌.
എറണാകുളം സ്വദേശി റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കാലടി പോലീസാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌.
ഇന്നലെ രാവിലെ പതിനൊന്നോടെ പ്രതികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ എത്തിച്ചു. ആദ്യം റോസിലിയുടെ മൃതദേഹം മറവു ചെയ്‌ത സ്‌ഥലം കുഴിച്ചു വിശദപരിശോധന നടത്തി. തുടര്‍ന്ന്‌ റോസിലിയുടെ കൊലപാതകം ഫോറന്‍സിക്‌ വിദഗ്‌ധരുടെ സാന്നിധ്യത്തില്‍ ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്‌കരിച്ചു.
റോസിലിന്‍ കൊല്ലപ്പെട്ട്‌ അഞ്ചു മാസം പിന്നിട്ടതിനാല്‍ പരമാവധി ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനാണു പോലീസിന്റെ ശ്രമം.
ഇവരുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും കണ്ടെേത്തണ്ടതുണ്ട്‌.

അക്ഷോഭ്യനായി ഭഗവല്‍ സിങ്‌

കോഴഞ്ചേരി: സ്വന്തം തട്ടകത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും അക്ഷോഭ്യനായി ഇരട്ട നരബലിക്കേസിലെ രണ്ടാം പ്രതി ഭഗവല്‍ സിങ്‌. ഇന്നലെ ഉച്ചയ്‌ക്കാണ്‌ മുഖംമൂടി ധരിപ്പിച്ച്‌ സിങ്ങിനെ ഇലന്തൂര്‍ ചന്തയിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെത്തിച്ചത്‌. കൊല്ലപ്പെട്ട റോസിലിയുടെ പണയം വച്ച സ്വര്‍ണാഭരങ്ങള്‍ കണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. ഏഴു ഗ്രാം മോതിരം പണയമായി സ്വീകരിച്ച്‌ ആവശ്യപ്പെട്ട രണ്ടായിരം രൂപ സിങ്ങിനു നല്‍കിയതായി ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരി പറഞ്ഞു. മോതിരം ചളുങ്ങിയ അവസ്‌ഥയിലായിരുന്നെന്നും പ്രതിയെ മുമ്ബേ അറിയാമായിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പദ്ധതി പ്രകാരം ലഭിച്ച ഫണ്ട്‌ ഉപയോഗിച്ച്‌ ആയുര്‍വേദ മരുന്ന്‌ വ്യാപാരം ഭഗവല്‍ സിങ്‌ നടത്തിയിരുന്നു. പാര്‍ട്ടി യോഗങ്ങള്‍ക്കും കമ്മിറ്റികള്‍ക്കും മിക്കപ്പോഴും ഇവിടെ വരുകയും ചെയ്‌തിരുന്നു. ഇതിനാല്‍ തന്നെ ഈ ഭാഗത്തുള്ളവര്‍ പരിചയക്കാരുമാണ്‌. പലരും അടുത്തേക്ക്‌ എത്തിയെങ്കിലും മുഖംമൂടിയുടെ പരിരക്ഷ ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും സിങ്ങിന്റെ മുഖം കാണാനായില്ല.

Related posts

Leave a Comment