ഇലക്ടറല്‍ ബോണ്ട്: വിശദാംശങ്ങള്‍ നാളെ നല്‍കണം, എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് കടപ്പത്രം (ഇലക്ടറല്‍ ബോണ്ട്) വിഷയത്തില്‍ എസ്ബിഐയ്ക്ക് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി.

ബോണ്ട് ആരൊക്കെ വാങ്ങിയെന്ന് വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കണമെന്ന

എസ്ബിഐയുടെ ആവശ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി. നാളെ

വൈകുന്നേരത്തിനുള്ളില്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.

ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വെബ്‌സൈറ്റ് വഴി പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചു.

വാദത്തിനിടെ എസ്ബിഐയോട് ഒരു പിടി ചോദ്യങ്ങളും കോടതി ഉയര്‍ത്തി. വിധി വന്ന് 26 ദിവസം കഴിഞ്ഞു.

ഇത്രയും ദിവസം നിങ്ങള്‍ എന്തുചെയ്തു? മുംബൈയിലെ ആസ്ഥാന ഓഫീസില്‍ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലേ എന്നും കോടതി ആരാഞ്ഞു.

കോര്‍ ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് എസ്‌ഒപി വഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച

വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നതെന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്

സാല്‍വേ ചൂണ്ടിക്കാട്ടി.

ബോണ്ടുകള്‍ എടുത്ത അക്കൗണ്ടുകളുടെ കെവൈസിയും പേ ഇന്‍ സ്ലീപ് നമ്ബറുകളും രഹസ്യമാതിനാല്‍ അവ

ശേഖരിക്കാന്‍ കൂറച്ചുകൂടി സമയം അനുവദിക്കണമെന്നും സാല്‍വേ വാദിച്ചു.

എന്നാല്‍ ഈ വിവരങ്ങള്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ മുദ്രവച്ച കവറില്‍ സൂക്ഷിച്ചിട്ടില്ലേയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ മുദ്രവച്ച കവര്‍ പൊട്ടിച്ചാല്‍ വിവരങ്ങള്‍ കൈമാറാമല്ലോ? ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും

എസ്ബിഐ മനഃപൂര്‍വ്വം മറച്ചുവയ്ക്കുകയാണെന്നും കോടതി പറഞ്ഞു.

ഇതിന് കൃത്യമായ മറുപടി പറയാന്‍ എസ്ബിഐയ്ക്ക് കഴിഞ്ഞില്ല.

22,217 ബോണ്ടുകള്‍ വാങ്ങിച്ചിട്ടുണ്ടെന്ന് ഹരീഷ് സാല്‍വേ അറിയിച്ചു. ഇതില്‍ രഹസ്യാത്മകവും അല്ലാത്തതുമായവയുണ്ട്.

44,434 രേഖകളുണ്ട്. അവ തരംതിരിച്ചെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടനാ ബെഞ്ച് ഇത് അനുവദിച്ചില്ല.

ജൂണ്‍ 30 വരെ കോടതി സാവകാശം അനുവദിച്ചില്ലെങ്കിലും മൂന്നാഴ്ച എങ്കിലും സമയം കിട്ടുമെന്നാണ് ഹര്‍ജിക്കാര്‍ കരുതിയിരുന്നത്.

എന്നാല്‍ കോടതി ഒട്ടും സാവകാശം നല്‍കിയില്ല.

മാര്‍ച്ച്‌ ആറിനകം ബോണ്ടുകള്‍ കൈമാറണം എന്ന നിര്‍ദേശം പാലിക്കാത്തതില്‍ എസ്ബിഐയ്‌ക്കെതിരെ

ഡെമോക്രാറ്റിക് റിഫോംസ് ആന്റ് കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച കോടതിലക്ഷ്യ ഹര്‍ജി ഈ ഘട്ടത്തില്‍ പരിഗണിച്ചിട്ടില്ല.

ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരുന്നതോടെ ഏതൊക്കെ കക്ഷികള്‍ക്ക് ആരൊക്കെ,

ഏതൊക്കെ ബിസിനസ് സ്ഥാപനങ്ങള്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അവരുടെ താല്‍പര്യങ്ങള്‍

എന്താണെന്നും വോട്ടര്‍മാര്‍ക്ക് മനസ്സിലാക്കാനുള്ള സാഹചര്യം കൂടിയാണ് തുറന്നിരിക്കുന്നത്.

Related posts

Leave a Comment