ഇന്‍ഡ്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി; പറന്നകന്നത് വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ച്‌

മുംബൈ: ഇന്‍ഡ്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി. 92 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്ബാടിയുടെ മടക്കം.

35ലേറെ ഇന്‍ഡ്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ദില്‍ മേരാ തോടാ, ബേ ദര്‍ദ് തേരേ ദര്‍ദ് കോ, മഹല്‍ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. നൗശാദ്, ശങ്കര്‍-ജയ്കിഷന്‍, എസ് ഡി ബര്‍മന്‍, പണ്ഡിറ്റ് ഹുസന്‍ ലാല്‍ ഭഗത് റാം, ഹേമന്ത് കുമാര്‍, സലില്‍ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദന്‍ മോഹന്‍, റോഷന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങി എ ആര്‍ റഹ് മാന്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കു വേണ്ടി ലത പാടിയിട്ടുണ്ട്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലില്‍ സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തില്‍ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തില്‍ ലത പാടിയ ഏക ഗാനവും അതാണ്. മന്നാ ഡേ, കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവര്‍ക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതന്‍ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്‍ഡ്യ മുഴുവന്‍ ഏറ്റുപാടി.

പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929 സെപ്റ്റംബര്‍ 28 നാണ് ലത ജനിച്ചത്. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍.

Related posts

Leave a Comment