ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ 18കാരിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റിൽ, പോക്സോ വകുപ്പ് ചുമത്തി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്.

പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന കുടുംബത്തിന്റെ പരാതിയിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛൻ ആരോപിക്കുന്നു.

രണ്ടുമാസമായി മകള്‍ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

മകളുടെ മരണത്തില്‍ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടില്‍ വരുമായിരുന്നു.

രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. സൈബർ ആക്രമണം അല്ല മകളുടെ മരണത്തിന് കാരണമെന്നും സതീഷ് ആവർത്തിച്ചു.

മകള്‍ മനക്കട്ടിയുള്ള പെണ്‍കുട്ടിയായിരുന്നു. സൈബർ ആക്രമണത്തില്‍ തളരില്ല. മകള്‍ മരിച്ചത് അറിഞ്ഞിട്ടും ബിനോയിയുടെ വീട്ടില്‍ നിന്നും ആരും വന്നില്ല.

സത്യം പുറത്തുവരണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സ്വദേശിയായ ബിനോയി (21)യെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്.

സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്.

പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബർ ടീം രൂപീകരിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബർ വിഭാഗം പുനഃപരിശോധിക്കുകയാണ്.

കുട്ടിക്ക് 18 വയസ് തികയും മുമ്ബേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇതോടെ പോക്‌സോ ചുമത്തിയാണ യുവാവിനെ അറസ്റ്റു ചെയ്തത്. ഇയാളുടെ മേല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്നു പൂജപ്പുര പൊലീസ് പറഞ്ഞു.

സംഭവത്തെപ്പറ്റി എഫ്‌ഐആറില്‍ പറയുന്നത്: പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നു.

പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു.

എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച്‌ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ പറഞ്ഞു.

രണ്ടു മാസം മുൻപ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ചു.

അനിയൻ കണ്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്.

പെണ്‍കുട്ടിക്കു പ്രായപൂർത്തിയാകുന്നതിനു മുൻപു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.

പോക്സോ വകുപ്പ് ചുമത്തുന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു സൂചന.