ഇന്ന് ശ്രീകൃഷ്ണജയന്തി; വീടുകള്‍ വൃന്ദാവനമാകും; വിശ്വശാന്തിക്കായി പ്രാര്‍ത്ഥനാദീപങ്ങള്‍ തെളിയും

കോട്ടയം: ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഉണ്ണിക്കണ്ണന്മാരുടെ കോലക്കുഴല്‍ വിളിയും കൃഷ്ണ നാമജപങ്ങളും കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ കുരുന്നുകളും കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകളെ വൃന്ദാവനമാക്കും.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം എന്ന സന്ദേശം വിളംബരം ചെയ്ത് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് വീടുകളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും, പൊതുകാര്യ ദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു രാവിലെ വീടുകള്‍ വൃന്ദാവനമാക്കി നിര്‍മിച്ച കൃഷ്ണ കുടീരങ്ങളില്‍ ചെന്ന് കണ്ണനെ വന്ദിക്കും, അവയ്ക്കു മുന്‍പില്‍ നിറക്കൂട്ടുകള്‍ ഒരുക്കും, കൃഷ്ണ പൂക്കളമിടും. വീട്ടിലെ കുട്ടികള്‍ക്കും, അയല്‍വീട്ടിലെ കുട്ടികള്‍ക്കും കൃഷ്ണവേഷത്തില്‍ ഉച്ചയ്ക്ക് ‘കണ്ണനൂട്ട് നല്‍കും. വൈകിട്ട് നാലരയ്ക്ക് ബാലികാ ബാലന്മാരെ രാധാകൃഷ്ണ വേഷമണിയിക്കും. ഈ സമയം വീട്ടിലെ മുതിര്‍ന്നവരെല്ലാം കേരളീയവേഷം അണിയണം.

അഞ്ചരയ്ക്ക് ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടി കൃഷ്ണ കുടീരത്തില്‍ അലങ്കരിച്ച്‌ വച്ചിരിക്കുന്ന ശ്രീകൃഷ്ണവിഗ്രഹ സമക്ഷം നിലവിളക്കില്‍ ദീപം പകര്‍ന്ന് ഗോകുല പ്രാര്‍ത്ഥന, ഹരേ രാമ മന്ത്രം, അമ്ബാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ എന്നു തുടങ്ങുന്ന ഗോകുല ഗീതം, ഭജന തുടങ്ങിയവ ചൊല്ലും. തുടര്‍ന്ന് വീടുകള്‍ മണ്‍ചിരാതുകള്‍ കൊണ്ട് ദീപാലങ്കൃതമാക്കണം. ആറര മുതല്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സമാപന കാര്യപരിപാടിയില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി എന്നിവരുടെ ജന്മാഷ്ടമി സന്ദേശം ഉണ്ടാകും. പ്രശസ്ത പിന്നണി ഗായകരായ പി. ജയചന്ദ്രന്‍, എം. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടി ജനം, അമൃത തുടങ്ങിയ ടിവി ചാനലുകളും മയില്‍പ്പീലി യൂട്യൂബ് ചാനലും തത്സമയം സംപ്രേഷണം ചെയ്യും.

Related posts

Leave a Comment