തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ച വരെ കര്‍ശന നിയന്ത്രണം. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണങ്ങള്‍ക്കു പുറമേയാണിത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവര്‍ത്താനുമതി.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. റേഷന്‍കടകള്‍ 9 മുതല്‍ 7.30 വരെ തുറക്കാം. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനാവും.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല.
സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. ബുധനാഴ്ച വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.