ഇന്നകാണാം സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്ന ആകാശവിസ്മയം

ന്യൂഡല്‍ഹി: ഭൂമിക്ക് പുറത്തുള്ള എന്തും മനുഷ്യന് എക്കാലവും അത്ഭുതമാണ്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എത്ര തന്നെ പുരോഗമിച്ചാലും ആകാശത്തിലെ കാഴ്‌ചകള്‍ക്ക് നാമെല്ലാം മറന്ന് കൊച്ചു കുട്ടിയുടെ ജിജ്ഞാസയുമായി കണ്ണ് തുറന്ന് നില്‍ക്കും.

അങ്ങനെ നമ്മുടെ കണ്ണുകള്‍ക്ക് മുൻപില്‍ പ്രകടമായ, മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരു അപൂർവ ആകാശ വിസ്‌മയം ഇന്ന് മുതല്‍ തുടങ്ങുകയാണ്, അതിന്റെ പേരാണ് സൂപ്പർമൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസം.

ഈ വർഷത്തില്‍ ഏറ്റവും തെളിച്ചത്തോടെ നിങ്ങള്‍ക്ക് ചന്ദ്രനെ കാണാൻ കഴിയുന്ന ദിനങ്ങളാണ് ഇനി കടന്നുവരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തോട് ഉപഗ്രഹമായ ചന്ദ്രൻ കൂടുതല്‍‍ അടുത്തു നില്‍ക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂണ്‍ എന്ന് ശാസ്ത്രലോകം പേരിട്ട് വിളിക്കുന്നത്. അത്തരത്തിലൊരു സൂപ്പർമൂണ്‍ പ്രതിഭാസത്തിനാണ് നാം മൂന്ന് നാളുകളില്‍ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

നാല് പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത്തവണത്തെ പ്രത്യേകത ഇവ രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച്‌ വരുന്നു എന്നതാണ്. പതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ വല്ലപ്പോഴും വരുന്ന അപൂർവ സംഗമം കൂടിയാണിത്. അതുകൊണ്ട് തന്നെയാണ് സൂപ്പർമൂണ്‍-ബ്ലൂമൂണിനായി എല്ലാവരും കാത്തിരിക്കുന്നതും.

എന്താണ് സൂപ്പർമൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസം?

ബ്ലൂ മൂണ്‍ എന്ന് പറയുമെങ്കിലും അതിന് ആ നിറവുമായി ഒരു ബന്ധവുമില്ല. രണ്ട് തരത്തിലുള്ള ബ്ലൂ മൂണുകളാണ് ഉള്ളത്. അവ നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നതും മാസത്തില്‍ ദൃശ്യമാകുന്നതും എന്നിങ്ങനെയാണ്. ഇപ്പോഴത്തേത് സീസണലാണ് എന്ന് വച്ചാല്‍ ഒരു നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നത്. ഒരു സീസണില്‍ നാലു പൂർണചന്ദ്രൻമാരെയാണ് കാണാനാവുക. അതില്‍ മൂന്നാമത്തെതാണ് സീസണല്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്.

നേരത്തെ പറഞ്ഞത് പോലെ സൂപ്പർമൂണ്‍ എന്നാല്‍ ചന്ദ്രൻ ഭൂമിയോട് അടുത്ത് നില്‍ക്കുന്ന സമയമാണ്. വർഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പർമൂണ്‍ പ്രതിഭാസം ഉണ്ടാവാറുണ്ട്. എന്നാല്‍ 1979ലാണ് സൂപ്പർമൂണെന്ന വിളിപ്പേര് ഇതിന് കിട്ടിയത്. അടുത്ത മൂന്ന് പൂർണചന്ദ്രൻമാരും സൂപ്പർമൂണായിരിക്കും. അടുത്ത സൂപ്പർമൂണിനെ കാണാനാവുക സെപ്റ്റംബർ 17, ഒക്ടോബർ 17, നവംബർ 15 തീയതികളില്‍ ആയിരിക്കും.

ഇത് രണ്ടും ഒരുമിച്ചെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സൂപ്പർ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേർന്നു വരുന്നത് അപൂർവമായാണ്. ഇന്നത്തെ സൂപ്പർ ബ്ലൂ മൂണ്‍ നീലയായിരിക്കില്ല എന്നതും ഓർമ്മയില്‍ വയ്ക്കണം. വായുവിലെ ചെറിയ കണങ്ങള്‍ക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്ബോഴാണ് ചന്ദ്രനെ നീലനിറമായി കാണുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പർ മൂണ്‍ ബ്ലൂ മൂണ്‍ പ്രതിഭാസം കാണാൻ കഴിയുക.

എങ്ങനെ കാണാം?

ഈ സൂപ്പർമൂണ്‍ ഓഗസ്‌റ്റ് 19ന് രാത്രി മുതല്‍ ആകാശത്ത് ദൃശ്യമാകും, കൂടാതെ മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കുകയും ചെയ്യും. തെളിഞ്ഞ ആകാശമുള്ള മേഖലയില്‍ നിന്ന് നിരീക്ഷിക്കുന്നതാവും ഏറ്റവും നല്ലത്. അധികം വെളിച്ചവും ബുദ്ധിമുട്ടുകളും ഇല്ലാത്തയിടം ഇതിനായി തിരഞ്ഞെടുത്താല്‍ നല്ലത്. നിങ്ങളുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ ഈ പ്രതിഭാസം കാണാൻ കഴിയും. എങ്കിലും ടെലിസ്കോപ് പോലെയുള്ള ഉപകരണങ്ങളുടെ സഹായം ഉണ്ടെങ്കില്‍ അല്‍പ്പം കൂടി മികച്ച രീതിയില്‍ കാഴ്‌ച ആസ്വദിക്കാം.

Related posts

Leave a Comment