ഇന്ത്യ യുദ്ധവിമാനങ്ങളും കപ്പലുകളും തയ്യാറാക്കി, ഇന്തോ-പസിഫിക് മേഖലയില്‍ എവിടെവച്ചും ചൈനയെ നേരിടാന്‍ നേവിക്ക് നിര്‍ദ്ദേശം

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിലും ആക്രമണത്തിലും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുദ്ധസമാനമായ സാഹചര്യത്തിന് ഒരുങ്ങാന്‍ കര, വ്യോമ, നാവിക സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. യുദ്ധവിമാനങ്ങളും കപ്പലുകളും സേനകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്‌ എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോ-പസിഫിക്ക് മേഖലയിലടക്കം എവിടെ വച്ചും ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഒരുങ്ങിക്കോളാന്‍ നേവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലാക്ക കടലിടുക്കില്‍ കപ്പലുകളെ വിന്യസിക്കാന്‍ അനുമതി നല്‍കി. യുദ്ധവിമാനങ്ങള്‍ ഫോര്‍വേഡ് ബേസുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അടിയന്തരമായി ആവശ്യമുള്ള സാമഗ്രികള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

മൂന്ന് സേനകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സംയക്ത സേനാമേധാവി) ആയ ജനറല്‍ ബിപിന്‍ റാവത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും സേനാ മേധാവികളുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നു.

കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ച ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാല്‍വാന്‍ താഴ് വര സംബന്ധിച്ച്‌ ധാരണയിലെത്തിയ ശേഷം മാത്രമേ ഈ ചര്‍ച്ച നടക്കൂ എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഗാല്‍വാന്‍ താഴ് വരയിലെ ഇന്ത്യന്‍ പട്രോളിംഗ് പോയിന്റുകളില്‍ (പിപി) ചൈന നിര്‍മ്മിച്ച ടെന്റുകളും മറ്റ് താല്‍ക്കാലിക നിര്‍മ്മിതികളും നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്കല്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ അല്‍പ്പം പിന്നോട്ടുനീങ്ങാന്‍ ചൈന തയ്യാറായെങ്കിലും നിര്‍മ്മിതികള്‍ നീക്കാന്‍ തയ്യാറായില്ല. കോര്‍പ്സ് കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ച വേണമെന്ന് ജൂണ്‍ 16നാണ് ചൈനീസ് പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) ആവശ്യപ്പെട്ടത്. പിപി 14നിലെ രണ്ട് താല്‍ക്കാലിക നിര്‍മ്മിതികള്‍ സംബന്ധിച്ചാണ് പ്രധാനമായും ഇന്ത്യ എതിര്‍പ്പുയര്‍ത്തുന്നത്.

Related posts

Leave a Comment