കോവിഡിന്റെ പിടിയില്‍ ഇതുവരെ കാര്യമായ പ്രഹരം ഏല്‍ക്കാത്ത രാജ്യങ്ങളില്‍ ഒന്നായിരുന്നു നേപ്പാള്‍. എന്നാല്‍, ഇപ്പോള്‍ നേപ്പാളും കൊറോണയുടെ പിടിയില്‍ ഞെരിഞ്ഞമരുകയാണ്. ഇന്ത്യയിലേതിനു തുല്യമായ വേഗത്തിലാണ് നേപ്പാളിലും ഇപ്പോള്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച മാത്രം ഇവിടെ 8,659 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 58 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
അതായത്, ഇപ്പോള്‍ പത്തുലക്ഷം പേരില്‍ 230 രോഗികള്‍ എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഇന്ത്യയിലിത് പത്തുലക്ഷം പേര്‍ക്ക് 280 രോഗികള്‍ എന്നതാണ്. ഇതോടെ ഈ ഹിമാലയന്‍ രാഷ്ട്രത്തിലാകെ ഭീതി പടര്‍ന്നിരിക്കുകയാണ്. പ്രാണവായു ലഭിക്കാതെ ഇന്ത്യന്‍ തെരുവുകളില്‍ മരിച്ചുവീഴുന്നവരുടെ ദൃശ്യങ്ങള്‍ നേപ്പാളിനെ ഭയചകിതയാക്കുന്നു. ഇവിടെയും ഇതെല്ലാം ആവര്‍ത്തിക്കുമോ എന്ന ഭയം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയേക്കാള്‍ ദയനീയമാണ് നേപ്പാളിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ എന്ന യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ആശങ്കയ്ക്ക് കനമേകുന്നു.
ഇന്ത്യയില്‍ 1 ലക്ഷം പേര്‍ക്ക് 0.9 ഡോക്ടര്‍മാര്‍ എന്നാണ് കണക്കെങ്കില്‍ നേപ്പാളില്‍ ഇത് 1 ലക്ഷം പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍ എന്ന നിരക്കിലാണ്. ഒരുവര്‍ഷം മുന്‍പ് നേപ്പാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്താകമാനം 1,595 ഇന്റന്‍സീവ് കെയര്‍ ബെഡുകളും 480 വെന്റിലേറ്ററുകളും മാത്രമാണുള്ളത്. അതില്‍ ചെറിയ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും 31 ദശലക്ഷം വരുന്ന ജനസംഖ്യയ്ക്ക് ഇത് തീരെ പര്യാപ്തമല്ല.
മാത്രമല്ല, ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ ഉദ്പാദനകേന്ദ്രമുള്ളപ്പോള്‍ നേപ്പാളിന് എല്ലാം ഇറക്കുമതി ചെയ്തേ മതിയാകൂ. അതായത്, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്തി പ്രതിസന്ധി മറികടക്കുക എന്നത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം അനായസകരമല്ല എന്നര്‍ത്ഥം. നേപ്പാളില്‍ രോഗവ്യാപനം പെട്ടെന്ന് വര്‍ദ്ധിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ഇപ്പോള്‍ ഇന്ത്യയെ കണ്ണുനീരുകുടിപ്പിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യമാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്.
നേപ്പാളിനും ഇന്ത്യയ്ക്കും ഇടയില്‍ സഞ്ചരിക്കാന്‍ പാസ്സ്പോര്‍ട്ടോ മറ്റു രേഖകളോ ആവശ്യമല്ലാത്തതിനാല്‍ ധാരാളം നേപ്പാളി പൗരന്മാര്‍ ജോലിക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റുമായി സ്ഥിരമായി ഇന്ത്യയില്‍ എത്താറുണ്ട്. ദിവസേന ഇന്ത്യയിലെത്തി ജോലി ചെയ്ത് തിരിച്ചുപോകുന്നവരും ഉണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ ഇനം, വുഹാനില്‍ കണ്ടെത്തിയതിനേക്കാള്‍ വ്യാപകശേഷി ഉള്ളതാണെന്ന് ഇന്ത്യാ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യവുമാണ്.