‘ഇന്ത്യയിലെ ജോര്‍ജ് ഫ്ളോയിഡുമാര്‍’ തമിഴ്നാട്ടില്‍ പൊലീസ് കസ്റ്റഡിയില്‍ രണ്ട് പേര്‍ മരിച്ചതിനെതിരെ പ്രതിഷേധം പടരുന്നു

 

 

 

 

 

തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന വന്‍ പ്രതിഷേധം. സംസ്ഥാനത്ത് സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടതാണ് കസ്റ്റഡി മരണത്തിന് കാരണമെന്നാണ പ്രതിപക്ഷത്തിന്റെ ആരോപണം. അച്ഛന്റെയും മകന്റെയും മരണം ദേശീയ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ ജോര്‍ജ്ജ് ഫ്ലോയിഡുമാരാണ് കൊല്ലപ്പെട്ടവരെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. സംഭവത്തെ അപലപിച്ച തമിഴ്നാട് മുഖ്യമന്ത്രി എന്നാല്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല.

തൂത്തുകുടി സ്വദേശികളായ പി ജയരാജും മകന്‍ ബെനിക്ക്‌സും ഒരു മൊബൈല്‍ കട നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അനുവദിച്ചതില്‍ കൂടുതല്‍ സമയം കട തുറന്നുവെന്ന് ആരോപിച്ച്‌ പൊലീസ് ഇവരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിറ്റേ ദിവസം ജയരാജിനെ അറസ്റ്റ് ചെയ്തു. അതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മകന്‍ ബെന്നിയും അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം ഇവരെ പിന്നീട് കോവില്‍ പട്ടി സബ് ജയിലിലേക്ക് മാറ്റി. അവിടെ വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ബെനിക്‌സിനെയും കടുത്ത പനി ഉണ്ടായിരുന്ന ജയരാജിനെയും ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് ബെന്നിക്‌സും ചൊവ്വാഴ്ച രാവിലെ ജയരാജും ആശുപത്രിയില്‍വെച്ച്‌ മരിക്കുകയായിരുന്നു. പൊലീസ് ഇവരെ കഠിനമായി മര്‍ദ്ദിചിരുന്നതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ പൊലീസ് ആരോപണങ്ങള്‍ നിഷേധിക്കുന്നു. കടയ്ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നത് കണ്ടപ്പോള്‍ പിരിഞ്ഞു പോകാന് ആവശ്യപ്പെടുകയും അപ്പോള്‍ അച്ഛനും മകനും പ്രശ്‌നം സൃഷ്ടിക്കുകായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പൊലീസിനെ അവര്‍ അസഭ്യം പറഞ്ഞതായും എഫ് ഐ ആറില്‍ പറയുന്നു. പൊലീസിന്റെ നടപടി മാത്രമല്ല, ഈ രണ്ടു പേരെയും കസ്റ്റഡിയില്‍വിട്ട ജുഡീഷ്യല്‍ മജിസ്രടേറ്റ് ഡി ശിവരാമന്റെ സമീപനവും വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ആരോഗ്യ പരിശോധന നടത്താതെയാണ് ഇവരെ റിമാന്റ് ചെയ്തത്. പ്രശ്‌നം സ്വമേധായ ഏറ്റെടുത്ത മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് തൂത്തുകുടി എസ് പി യോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് പേര്‍ കസ്റ്റഡിയില്‍ മരിച്ചതോടെ അത് തമിഴ്‌നാട്ടിലെ മുഖ്യ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കയാണ്. രണ്ട് പേരുടെയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതുയുടെ ഉദാഹരണമായി സംഭവത്തെ വിശേഷിപ്പിച്ച ഡിഎംകെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്നും പറഞ്ഞു.

സംഭവം ദേശീയ വിഷയമായി മാറി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവര്‍ സംഭവത്തെ അപലപിച്ചു. രക്ഷിക്കേണ്ടവര്‍ തന്നെ കൊലപാതകികളാവുന്നത് നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ജോര്‍ജ്ജ് ഫ്‌ളോയിഡുമാരാണ് കൊല്ല്പ്പട്ടവര്‍ എന്നാണ് ജിഗ്നേഷ് മേവാനി വിശേഷിപ്പിച്ചത്.

ക്രിക്കറ്റര്‍ ശിഖര്‍ ധവാനും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി

Related posts

Leave a Comment