ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് പാരാമിലിട്ടറി സൈനികരിലേക്കും പടരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡല്‍ഹി സിആര്‍പിഎഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു സൈനികന്‍ കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്തു.
കൊവിഡ് ഭീതിയില്‍ മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ബറ്റാലിയനിലെ ആയിരത്തോളം ജവാന്‍മാര്‍ നിലവില്‍ ക്വാറന്റൈനിലാണ്. അസം സ്വദേശിയായ 55കാരനായ ജവാനാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. ചികിത്സയിലായിരുന്ന ഇയാള്‍ക്ക് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
സിആര്‍പിഎഫ് പാരാമെഡിക് യൂണിറ്റിലെ ഒരു നഴ്‌സിങ് അസിസ്റ്റന്റിന് ഏപ്രില്‍ 21നാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.പിന്നാലെ, ഏപ്രില്‍ 24ന് ബറ്റാലിയനിലെ ഒമ്ബത് ജവാന്‍മാര്‍ക്കും തൊട്ടടുത്ത ദിവസം 15 ജവാന്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.