ഇനി പ്രകോപനം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കൂ , മൂന്ന് സേനകള്‍ക്കും ഐടിബിപിക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് വിട്ടുവീഴ്ച വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് സേനകള്‍ക്കും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനുമാണ് നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന സേനാതല ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു.

ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം ചേരും. വൈകുന്നേരം 5 മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. വെര്‍ച്വലായാണ് യോഗം നടക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്.

എന്നാല്‍, പ്രകോപിപ്പിച്ചാല്‍, അത് ഏത് സാഹചര്യമാണെങ്കിലും തിരിച്ചടിക്കും എന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment