ഇനി ഖാര്‍ഗെയുടെ ‘കൈകളി’ല്‍; കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍, പി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഖാര്‍ഗെ ചടങ്ങിനെത്തിയത്. എ.ഐ.സി.സി മന്ദിര വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പുതിയ പ്രസിഡന്‍റിന് തെരഞ്ഞെടുപ്പു സാക്ഷ്യപത്രം കൈമാറും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സോണിയ പുതിയ പ്രസിഡന്‍റിനെ കസേരയിലേക്ക് ആനയിക്കും.

24 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ വരുന്നത്. 1998ല്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാള്‍ പാര്‍ട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് 80കാരനായ ഖാര്‍ഗെ പദവി ഏറ്റെടുക്കുന്നത്.

പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചല്‍-ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്നിവ അദ്ദേഹത്തിന് മുന്നിലെ ആദ്യ കടമ്ബകളാണ്. ഭാരത് ജോഡോ യാത്ര നയിച്ചുവരുന്ന രാഹുല്‍ ഗാന്ധി ദീപാവലിയും പുതിയ പ്രസിഡന്‍റ് ചുമതലയേല്‍ക്കുന്ന ചടങ്ങും പ്രമാണിച്ച്‌ മൂന്നുദിവസം പദയാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, വി.പി. സജീന്ദ്രന്‍, എം.എം. നസീര്‍, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തി.

Related posts

Leave a Comment