ഇനി കഴിക്കാന്‍ മാത്രമല്ല ; മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ ചക്ക ഉപയോഗിക്കാം

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇനി അതിവേഗം ചാര്‍ജ് ചെയ്യാന്‍ നമ്മുടെ ചക്കയ്ക്ക് കഴിയും. ഇതിനായി ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച്‌ ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയുടെ ഈ സാധ്യത വെളിപ്പെട്ടിരിക്കുന്നത്.

ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്‌ടോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ്‌ കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്ബോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്‌ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു. സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം സംഭരിക്കാമെന്നും ഗവേഷകന്‍ പറയുന്നു.

അതിവേഗ ചാര്‍ജ് കൈമാറ്റവും ഈ കപ്പാസിറ്ററുകള്‍ പ്രകടിപ്പിക്കുന്നു. ഇത് മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ചക്കയ്ക്കുപുറമേ ദുരിയാന്‍ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും പഠനം പറയുന്നു.

Related posts

Leave a Comment