ഇതാദ്യമല്ല ആത്മഹത്യാ പ്രേരണ; പി പി ദിവ്യയ്‌ക്കെതിരെ മുൻപും കേസ്

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെആത്മഹത്യാ പ്രേരണയ്‌ക്ക് മുൻപും കേസുള്ളതായി റിപ്പോർട്ടുകള്‍.

2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസ് .അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സ്പീക്കർ എ എൻ ഷംസീറിനെതിരെയും 2016- ല്‍ കേസെടുത്തിരുന്നു.

2016- ല്‍ കോണ്‍ഗ്രസ് തലശേരി ബ്ലോക് സെക്രട്ടറിയായിരുന്ന രാജനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ മർദ്ദിച്ച സംഭവത്തില്‍ മകളായ അഞ്ജനയും സഹോദരിയും പ്രതിഷേധിച്ച്‌ സിപിഎം ഓഫീസിലെത്തിയിരുന്നു. പാർട്ടി ഓഫീസില്‍ കയറി പ്രവർത്തകരെ മർദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതരായ ശേഷം ഇവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പി പി ദിവ്യയും ഷംസീറും ചാനല്‍ ചർച്ചയില്‍ പങ്കെടുത്തു. ഇതില്‍ മനംനൊന്ത് അഞ്ജന ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷംസീറിനെതിരെയും കേസെടുത്തെങ്കിലും പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കി. അഞ്ജന കഴിച്ചത് മരണത്തിന് ഇടയാക്കുന്ന ഗുളികയല്ലെന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കേസ് എഴുതിത്തള്ളിയിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയ്‌ക്കെതിരേ പ്രതിഷേധവും ശക്തമാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴയില്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടരുകയാണ്. പി.പി ദിവ്യയുടെ വീട്ടിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.

Related posts

Leave a Comment