തൊടുപുഴ: ( 22.09.2021) തൊടുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഹോടെല്‍ ജീവനക്കാരനെ ഭക്ഷണം കഴിക്കാനെത്തിയവര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. ഭക്ഷണം പാഴ്സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മങ്ങാട്ടുകവലയിലെ മുബാറക് എന്ന ഹോടെലില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇതര സംസ്ഥാന തൊഴിലാളിയായ നൂര്‍ഷഹീബിനിനാണ് ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരുടെ മര്‍ദനം ഏറ്റത്. കഴിച്ചതിന് ശേഷം ബാക്കിവന്ന ബിരിയാണി പാഴ്സല്‍ നല്‍കാന്‍ ഇവര്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. കുറച്ചു ബിരിയാണികൂടി പാഴ്സലില്‍ ഉള്‍പെടുത്താന്‍ പറഞ്ഞപ്പോള്‍ അതിന് വേറെ പണം നല്‍കണമെന്ന് നൂര്‍ഷഹീബ് പറഞ്ഞു. ഇതോടെ തെറിവിളി ഉണ്ടാകുകയും നൂര്‍ഷഹീബിനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ ചെവിയ്ക്കും ശരീരമാസകലവും പരിക്കേറ്റ തൊഴിലാളി ചികിത്സയിലാണ്. പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അക്രമികള്‍ ഇയാളെ ആശുപത്രിയില്‍ എത്തി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹോടെല്‍ ഉടമ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.