ഇടവേളയ്ക്ക് ശേഷം ഇനി സ്കൂളിലേക്ക്; ക്ലാസുകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായതോടെ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ കൂടി ഇന്ന് തുറക്കും. ബാച്ച്‌ അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കേണ്ടതാണ്. എസ് സി ഇ ആര്‍ ടിയും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തില്‍ നല്‍കുന്നതാണ്.

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ 2022 മാര്‍ച്ച്‌ 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Related posts

Leave a Comment