കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്‌നയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തി എന്ന പരാതിയില്‍ കുറ്റസമ്മതം നടത്തി ഡോക്‌ടര്‍.
നാഷണല്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടര്‍ ബഹിര്‍ഷാന്‍ തുറന്നുപറയുകയായിരുന്നു.
താന്‍ തയ്യാറെടുപ്പ് നടത്തിയത് സജ്‌നയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്താനാണെന്നും എന്നാല്‍ നടത്തിയത് വലത്തേകാലിലെ ശസ്‌ത്രക്രിയയാണെന്നും ഡോക്‌ടര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ പറയുന്നു.
ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവിയാണ് ഡോ.പി. ബഹിര്‍ഷാന്‍. ‘സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്.
എനിക്ക് വേറൊന്നും പറയാനില്ല.’ ഡോക്‌ടര്‍ പറയുന്നു.
ഡോക്‌ടര്‍ പറയുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധമായ ചികിത്സയ്‌ക്കാണ് നടക്കാവ് പൊലീസ് ഡോക്‌ടര്‍ക്കെതിരെ കേസെടുത്തത്.
കാലുമാറി ശസ്‌ത്രക്രിയ എന്ന പരാതിയ്ക്ക് പിന്നാലെ നിര്‍ബന്ധപൂര്‍വം ഡിസ്‌ചാര്‍ജ് വാങ്ങി തുടര്‍ചികിത്സയ്‌ക്ക് മെഡിക്കല്‍ കോളേജില്‍ സജ്‌നയെ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ പരിശോധനയില്‍ ഇടത്‌കാലിന് തന്നെയാണ് ശസ്‌ത്രക്രിയ വേണ്ടിയിരുന്നതെന്ന് തെളിയുകയായിരുന്നു. സംഭവത്തില്‍ ഡിഎംഒയുടെ അന്വേഷണം തുടരുകയാണ് .
ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം.