ഇങ്ങനെയുമൊരു മോഷ്ടാവോ?….. കാര്‍ മോഷ്ടിച്ചു; വയോധികയെ സുരക്ഷിതയായി ഇറക്കിവിട്ടു; കാര്‍ നാളെ തിരികെ ഏല്‍പ്പിക്കാമെന്ന് ഉറപ്പ്

ഇങ്ങനെയുമൊരു മോഷ്ടാവോ? കാര്‍ മോഷ്ടിച്ച്‌ കടന്നു കളയുന്നതിനിടയില്‍ കാറില്‍ അകപ്പെട്ട വയോധികയെ സുരക്ഷിതയായി ഇറിക്കി വിട്ടു. ഇറക്കി വിടുമ്ബോള്‍ വയോധികയോട് വീടിന്റെ അഡ്രസ് ആവശ്യപ്പെടുകയും അടുത്ത ദിവസം കാര്‍ വീട്ടിലെത്തിക്കുമെന്ന് അറിയിക്കുകയും ചെയ്ത് ഒരു മോഷ്ടാവ്. പഞ്ചാബിലെ ജലന്ധറിലാണ് വ്യത്യസ്തമാ മോഷണം നടന്നത്.

ജലന്ധറിലെ മോഡല്‍ ടൗണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 77 കാരിയായ ബല്‍വീര്‍ കൗറിന്റെ കാറാണ് മോഷ്ടാവ് എടുത്തത്. കാര്‍ എടുക്കുമ്ബോള്‍ ബല്‍വീര്‍ കാറിനകത്തായിരുന്നു. ടൗണിലെ മാര്‍ക്കറ്റിലേക്ക് കാറുമായി പോയതായിരുന്നു ബല്‍വീര്‍. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. ബല്‍വീറിനെ കാറിലിരുത്തി അടുത്തുള്ള കടയിലേക്ക് പോയതായിരുന്നു ഡ്രൈവര്‍. തിരിച്ചെത്തിയപ്പോള്‍ കാറും കാറിനുള്ളിലുണ്ടായിരുന്ന ബല്‍വീറിനേയും കാണുന്നില്ല.

ബല്‍വീര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്‍ മോഷണം പോയ വിവരവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പൊലീസിനെ അറിയിച്ചത്. ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവ് ഡ്രൈവര്‍ പോയ സമയത്ത് കാറിനകത്തു കയറി സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.

താക്കോല്‍ കാറിനകത്തു വെച്ചായിരുന്നു ഡ്രൈവര്‍ പുറത്തേക്ക് പോയത്. ഇതിനിടയില്‍ ഓടിയെത്തിയ യുവാവ് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോകുകയായിരുന്നു. പേടിച്ചരണ്ട ബല്‍വീര്‍ കാറിനുള്ളില്‍ നിന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.

അല്‍പ്പ ദൂരം കാറുമായ പോയശേഷം വണ്ടി നിര്‍ത്തി വയോധികയോട് യുവാവ് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനടയില്‍ തന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഡ്രസ് പറയാനും കാര്‍ അടുത്ത ദിവസം വീട്ടില്‍ തിരികെ എത്തിക്കുമെന്നും യുവാവ് പറഞ്ഞതായി ബല്‍വീര്‍ പറയുന്നു.

വഴിയില്‍ ഇറങ്ങിയ ബല്‍വീര്‍ അതുവഴി പോയ ഒരാളുടെ സഹായത്തോടെ ഡ്രൈവറെ വിളിച്ച്‌ താന്‍ സുരക്ഷിതയാണെന്നും വീട്ടിലേക്ക് വരാനും ആവശ്യപ്പെടുകയായിരുന്നു. ബല്‍വീര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അജ്ഞാതനായ മോഷ്ടാവിനായുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

അതേസമയം, അടുത്ത ദിവസം കാര്‍ തിരികേ ഏല്‍പ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ കിട്ടിയിട്ടില്ലെന്നും ബല്‍വീര്‍ പറയുന്നു.

യുഎസ്സിലാണ് ബല്‍വീറിന്റെ കുടുംബം താമസിക്കുന്നത്. അടുത്തിടെയാണ് മോഡല്‍ ടൗണിലുള്ള വീട്ടില്‍ ബല്‍വീര്‍ തിരിച്ചെത്തിയത്. ജലന്ധറിലുള്ള ഇന്‍കംടാക്സ് കോളനി മാര്‍ക്കറ്റില്‍ മൊബൈല്‍ വില്‍ക്കാനായിരുന്നു ബല്‍വീര്‍ ഡ്രൈവര്‍ക്കൊപ്പം പുറപ്പെട്ടത്.

Related posts

Leave a Comment