ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിജയത്തിലൂടെ ഐതിഹാസിക ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ഉയര്‍ത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ബൗണ്ടറി അടിച്ച എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലന്‍ഡിനെ കണ്ണീരിലാഴ്ത്തി ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പ് കിരീടം അന്ന് ഉയര്‍ത്തിയത്. 2019 ജൂലൈ 14ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനു 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് മാത്രമാണ് എടുക്കാനായത്. എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ മത്സരം സമനിലയിലാകുകയായിരുന്നു .
തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും ഇരു ടീമുകളും 15 റണ്‍സ് വീതം എടുത്ത് മത്സരം വീണ്ടും സമനിലയിലാകുകയായിരുന്നു. തുടര്‍ന്നാണ് വിവാദപരമായ തീരുമാനത്തിലൂടെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഇംഗ്ലണ്ട് 22 ബൗണ്ടറികളും 2 സിക്സുകളും മത്സരത്തില്‍ നേടിയപ്പോള്‍ ന്യൂസിലാന്റിന് 14 ബൗണ്ടറികളും 2 സിക്സുകളും മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിന് കിരീടം നേടി കൊടുത്ത ബൗണ്ടറി നിയമം തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ഐ.സി.സി മാറ്റുകയും ചെയ്തിരുന്നു.