ആ ഭക്ഷണം കളയരുത് , 24 കൂട്ടം കറികളുള്ള തനിനാടന്‍ സദ്യ ചോദിച്ച്‌ വാങ്ങി കഴിച്ച വിരാട് കൊഹ്ലി : പോസ്റ്റ് പങ്ക് വച്ച്‌ സുരേഷ് പിള്ള

കേരളീയ ഭക്ഷണത്തോടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ പ്രിയം പലയിടത്തും വാര്‍ത്തകളായി വന്നിട്ടുണ്ട് .

ഇപ്പോഴിതാ കൊഹ്ലിയ്‌ക്ക് തനി നാടന്‍ സദ്യ വിളമ്ബിയ അനുഭവം പങ്കുവെയ്‌ക്കുകയാണ് പാചക വിദഗ്‌ദ്ധന്‍ സുരേഷ് പിള്ള.

2018 ല്‍ തിരുവനന്തപുരത്തെ റാവീസ് ഹോട്ടലില്‍ താമസിച്ച ഇന്ത്യന്‍ ടീമിന് ഭക്ഷണം ഒരുക്കാനുള്ള ഭാഗ്യം ലഭിച്ചത് സുരേഷ് പിള്ളക്കായിരുന്നു.

അന്നത്തെ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വച്ചത് . ഒപ്പം കൊഹ്ലിയ്‌ക്കൊപ്പമുള്ള ചിത്രവുമുണ്ട് .

‘അറബിക്കടലില്‍ നിന്നും അഷ്ടമുടിക്കായലില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ കൊണ്ടുവന്ന് സമൃദ്ധമായ സീഫുഡ് തളിക ഞങ്ങള്‍ ഇന്ത്യന്‍ ടീമിനായി ഒരുക്കി.

വെജിറ്റേറിയന്‍ ആയതിനാല്‍ കൊഹ്ലിയ്‌ക്ക് അത് കഴിക്കാന്‍ പറ്റില്ലായിരുന്നു.

അങ്ങനെയാണ് സദ്യ ഒരുക്കാം എന്ന് ഞാന്‍ കൊഹ്ലിയോട് പറഞ്ഞത്. അദ്ദേഹം വളരേയധികം താത്പര്യത്തോടെ യെസ് എന്ന് പറഞ്ഞു. അത് എന്റെ കാതുകള്‍ക്ക് സംഗീതം പോലെയായിരുന്നു.

24 കൂട്ടുള്ള ഒരു സദ്യ അദ്ദേഹത്തിന് മാത്രമായി പ്രത്യേകമായി ഞങ്ങള്‍ ഒരുക്കി. . ഒരാള്‍ക്ക് മാത്രമായി സദ്യ ഒരുക്കുക എന്നത് എളുപ്പമല്ല. എന്നിട്ടും ഞങ്ങള്‍ അത് ചെയ്തു.

കൊള്ളാമോ എന്ന് ഉറപ്പുവരുത്താനായി ഞാന്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലെത്തി ഭക്ഷമം വിളമ്ബിക്കൊടുത്തു.

എന്നാല്‍ പിന്നീടുണ്ടായ കാര്യങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തി. ‘ബാക്കിയുള്ള ഭക്ഷണം നിങ്ങള്‍ എന്താണ് ചെയ്യുക?’ എന്ന് കൊഹ്ലി എന്നോട് ചോദിച്ചു.

ഒറ്റ നേരത്തേക്കുള്ള ഭക്ഷണം ആയതിനാല്‍ അത് കളയുമെന്ന് വേദനയോടെ കൊഹ്ലിയോട് പറഞ്ഞു. ഉടന്‍തന്നെ അദ്ദേഹം പറഞ്ഞു. ‘ബാക്കി എനിക്ക് രാത്രി കഴിക്കാമോ?’.

അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചുവെയ്‌ക്കരുതെന്ന് ഹോട്ടലിന്റെ കര്‍ക്കശമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു.

അതോടൊപ്പം താരങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെ കുറിച്ച്‌ ബി.സി.സി.ഐയുടേയും മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു.

അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കേണ്ടി വന്നു. രാത്രി ആ സദ്യ തന്നെ നല്‍കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണം കളയരുതെന്ന ഉറച്ച നിലപാടിലായിരുന്നു കൊഹ്ലി. ബാക്കി സദ്യ രാത്രി തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒടുവില്‍ ഞങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു.അദ്ദേഹത്തെപ്പോലെ വിജയം വരിച്ച ഒരു മനുഷ്യന്‍, പണത്തിന് നല്‍കാവുന്നതെല്ലാം വാങ്ങാന്‍ സാധിക്കുന്ന ഒരാള്‍, അദ്ദേഹത്തിന്റെ ബാക്കി വന്ന ഭക്ഷണം വീണ്ടും വിളമ്ബാന്‍ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അടച്ചിട്ട മുറിക്കയ്‌ക്കത്താണെന്ന് ഓര്‍ക്കണം.

അതൊന്നും ക്യാമറയ്‌ക്ക് വേണ്ടിയുള്ള കളിയല്ലായിരുന്നു. അതാണ് പച്ചയായ വിരാട് കൊഹ്ലി- എന്നും സുരേഷ് പിള്ള പറയുന്നു.

Related posts

Leave a Comment