കൊച്ചി: ആലുവയില്‍ നാണയം കഴിച്ച് മരിച്ച മൂന്ന് വയസുകാരന്‍ രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വന്‍ കുടലിന്റെ ഭാഗത്തായിരുന്നു നാണയം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കുട്ടിയുടെ മൃതദേഹം വിട്ടു കൊടുത്തു.
ഡോക്ടര്‍മാര്‍ക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റു കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയന്‍ ചോദിച്ചു. മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയിട്ടും മറ്റ് അസുഖം ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആശുപത്രിയില്‍ വരുന്നത് വരെ കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഉദയന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.