ആറുവര്‍ഷത്തെ കാത്തിരിപ്പിനു വിരാമം; ദൃശ്യവിസ്മയം തീര്‍ത്ത് 58 അടി ഉയരമുള്ള പിനാകധാരി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആഴിമല ഗംഗാധരേശ്വര രൂപം

പൂവ്വാര്‍/തിരുവനന്തപുരം: കേരളക്കരയില്‍ ആഴിയും മലയും സംഗമിക്കുന്ന പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയില്‍ ഗംഗാധരേശ്വര ശിവരൂപം പൂര്‍ത്തിയാകുന്നു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവരൂപമാണ് ആഴിമലയില്‍ കടലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഗംഗാധരേശ്വരന്‍ രൂപത്തിലെ ശിവരൂപം. 58 അടിയോളം ഉയരമുണ്ട്. 2014 ഏപ്രില്‍ രണ്ടിനാണ് ശിവരൂപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ശിവരൂപം കടലിനും ക്ഷേത്രത്തിനുമിടയില്‍ കടല്‍ക്കാറ്റിനെ പ്രതിരോധിക്കുംവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും സമൃദ്ധിക്കായി മഹാദേവന്‍ തന്റെ ധൂര്‍ജട അഴിച്ച്‌ താഴേക്ക് വിടര്‍ത്തി സ്വര്‍ഗനദിയായ ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ഭാവത്തിലാണ് ഗംഗാധരേശ്വന്റെ ഭാവം ഒരുക്കിയിരിക്കുന്നത്. ഏറ്റവും നീളം കൂടിയ ശിവ ഭഗവാന്റെ ജട ഭാരതത്തില്‍ തന്നെ മറ്റൊരിടത്തും ദര്‍ശിക്കാന്‍ സാധിക്കില്ലെന്നതാണ് ഇവിടത്തെ രൂപത്തിന്റെ പ്രത്യേകത.

ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയ്ക്ക് ശേഷം ആഴിമലയില്‍ എത്തിയപ്പോള്‍ ഗുരുദേവനോട് അന്നത്തെ പുളിങ്കുടി ദേശവാസികള്‍ ആവശ്യം ഉന്നയിച്ച പ്രകാരം ഗുരുഹിതം മനം കൊണ്ട് നല്‍കിയ ഭൂമിയിലാണ് ഇന്ന് ആഴിമല ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ സന്നിധിയില്‍ തന്നെയാണ് ഗംഗാധരേശ്വര ശിവരൂപവും യാഥാര്‍ത്ഥ്യമാകുന്നത്. 3000ത്തിലധികം സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായി ശിവരൂപത്തിനുള്ളില്‍ താഴ്ഭാഗത്തായി ഒരുക്കുന്ന ധ്യാന മണ്ഡപം, ഒരു ഗുഹയ്ക്കുള്ളില്‍ കയറിയതിന് സമാനമായ അന്തരീക്ഷത്തില്‍ പരമശിവന്റെ ഏറ്റവും വലിയ ശയനരൂപം, 25 മുഖങ്ങളുള്ള ശിവന്റെ പൂര്‍ണ്ണരൂപം തുടങ്ങി ഇതിനുള്ളിലെ തൂണുകളില്‍ ചെറുശില്‍പ്പങ്ങള്‍, വാസ്തുകലകള്‍, ശിവന്റെ ഒമ്ബത് നൃത്തരൂപങ്ങള്‍, അടങ്ങിയ വിസ്മയക്കാഴ്ചകള്‍ ശിവരൂപത്തില്‍ ഉണ്ടാകും.

പ്രകൃതിയിലെ കാറ്റും വെളിച്ചവും കടല്‍ക്കാറ്റ് ശിവരൂപത്തിലേക്ക് കടക്കുമ്ബോള്‍ ഉണ്ടാകുന്ന ഓംകാര നാദവും ഉദയാസ്തമന കാഴ്ചകളും ഭക്തജനങ്ങള്‍ക്ക് നേരില്‍ അനുഭവമായി മാറുന്ന വിധത്തിലാണ് ശിവരൂപം പൂര്‍ത്തീകരിക്കപ്പെടുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിജേഷ്, പ്രസിഡന്റ് സത്യശീലന്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Comment