തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ, തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് പറഞ്ഞു.
2022 സെപ്തംബറിലായിരുന്നു സിപിഎമ്മിന്‍റെ യുവനേതാക്കളായ സച്ചിൻ ദേവിൻ്റെയും ആര്യ രാജേന്ദ്രൻ്റെയും വിവാഹം കഴിഞ്ഞത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ബാലുശേരി എംഎൽഎ സച്ചിൻ ദേവ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചലച്ചിത്രതാരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ ദേവ് സഭയിലെത്തുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്.
സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറായത്. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.