ആര്യന്‍ ഖാന്‍ കേസില്‍ ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയും മകനെയും അപകീര്‍ത്തിപ്പെടുത്താനെന്ന് ടൊവിനോ തോമസ്, കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ധാരാളമുണ്ടാകുന്നതായി ആഷിക് അബു

ആര്യന്‍ ഖാനെതിരായ ലഹരിമരുന്ന് കേസിന് പിന്നിലുള‌ളത് രാഷ്‌ട്രീയപരമായ ഉദ്ദേശമാണെന്ന് നടന്‍ ടൊവിനോ തോമസ്. പുതിയ ചിത്രമായ നാരദന്റെ പ്രമോഷന്റെ ഭാഗമായുള‌ള ഒരു അഭിമുഖത്തില്‍ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുംബയ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി റെയ്‌ഡ് കേസില്‍ ആര്യനെതിരെ തെളിവില്ലെന്ന് കഴിഞ്ഞദിവസം നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസിന് പിന്നില്‍ രാഷ്‌ട്രീയ ഉദ്ദേശമാണെന്ന് ടൊവിനോ അഭിപ്രായപ്പെട്ടു.

‘സംഭവം ആസൂത്രിതമാണ്. ഇതിനുപിന്നില്‍ രാഷ്‌ട്രീയ ഉദ്ദേശമുണ്ടെന്നാണ് തോന്നുന്നത്. ഷാരൂഖിനെയും ആര്യന്‍ ഖാനെയും അപകീര്‍ത്തിപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശം.’ ടൊവിനോ പറയുന്നു. ഒരാളെ ബ്ളാക്‌മെയില്‍ ചെയ്യാന്‍ മാദ്ധ്യമങ്ങളെ ഉപയോഗിക്കുക എന്ന പ്രവണത തെറ്റാണെന്നും നടന്‍ അഭിപ്രായപ്പെട്ടു.

നാരദന്‍ പ്രമോഷനില്‍ ടൊവിനോയ്‌ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു, നടി അന്ന ബെന്‍ എന്നിവരും പങ്കെടുത്തു. ടൊവിനോയുടെ അഭിപ്രായം സംവിധായകന്‍ ആഷിഖ് അബുവും ശരിവച്ചു. ആര്യന്‍ ഖാന് സംഭവിച്ചതുപോലെ നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടാകുന്നതായും അതില്‍ സത്യം തെളിഞ്ഞാലും ജനങ്ങള്‍ അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്‌ത ‘നാരദന്‍’ മാര്‍ച്ച്‌ മൂന്നിനാണ് റിലീസ് ചെയ്‌തത്. ഉണ്ണി. ആര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ജയരാജ് വാര്യര്‍, രഘുനാഥ് പലേരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

 

Related posts

Leave a Comment