ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നിർദ്ദേശിച്ചതിനെ തുടർന്ന് വ്ലോഗർ ആയ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു.
നിയമലംഘനങ്ങള്‍ അടങ്ങിയ 9 വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്.
ആലപ്പുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ നിയമലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് കാണിച്ച് യൂട്യൂബിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാറില്‍ സ്വിമ്മിംഗ് പൂള് ഉണ്ടാക്കി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയും വീഡിയോ യൂട്യൂബില്‍
പോസ്റ്റ് ചെയ്യുകയും ചെയ്ത സഞ്ജുവിന്റെ പ്രവർത്തിയില്‍ സഞ്ജുവിനെതിരെ പോലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
യൂട്യൂബില്‍ സഞ്ജു അപ്ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചതിനുശേഷം മോട്ടോർ വാഹന
വകുപ്പ് നല്കിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒൻപത് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തത്.
നേരത്തെ തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
സഞ്ജു വാഹനമോടിച്ചത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടാണെന്നും പൊതുസമൂഹത്തിന്റെ എല്ലാ
മര്യാദകളും സഞ്ജു ലംഘിച്ചെന്നും തുടർന്നും ഇയാള്‍ വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന്
ഭീഷണിയാണെന്നും തുടങ്ങി നിരവധി ഗുരുതര പരാമർശങ്ങളാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവില്‍ ഉള്ളത്.