ആരോപണവുമായി വീണ്ടും ശക്തിധരന്‍; കൈതോലപ്പായയിലും കവറിലും പൊതിഞ്ഞുകൊണ്ടുപോയ പണത്തിന് ഒരിടത്തും കണക്കില്ല

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍.

കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കീശയിലാക്കിയ കോടികള്‍ക്ക് ഒരിടത്തും കണക്കില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കിലും ഈ തുകയില്ല.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ കൊടുത്ത കണക്കുകളിലും ഈ തുകയില്ല. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ കൊടുത്ത 10 ലക്ഷം സംബന്ധിച്ച്‌ ഒരു കുറിമാനം ഉണ്ടായിരുന്നു.

അത് ഏറ്റുവാങ്ങിയ സ്റ്റാഫ് ആണ് കുറിപ്പ് എഴുതിയത്. ആ ചുമതലയില്‍ നിന്ന് മാറ്റപ്പെട്ടപ്പോള്‍ ആ തുക തിരച്ചെടുക്കുകയും ചെയ്തു.

ആ 10 ലക്ഷവും ആരുടെ കയ്യിലെത്തി എന്നതിനു വ്യക്തതയായി എന്ന് ശക്തിധരന്‍ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എവിടെനിന്ന് സമാഹരിച്ചതാണ് തുക എന്നത് അതിന്മേലുള്ള കവറില്‍ നിന്ന് വ്യക്തം.

ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന ശതകോടീശ്വനായ ഒരു വ്യവസായിയുടേതാണെന്നു ഓര്‍ത്താല്‍ മതി.

അത് പൊതിഞ്ഞിരുന്ന കവറിലുണ്ട് ആ പേര് . അതിലും വലിയ കോടികള്‍ എങ്ങിനെ ആവിയായിപ്പോയി എന്നതിലേ അവ്യക്തതയുള്ളൂ.

കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുമ്ബ് അചിന്ത്യമായിരുന്നു കോടികള്‍.

ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്.

വിഭാഗീയത കൊടുമ്ബിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്.

മലമ്ബുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററില്‍ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയല്‍റ്റിയായി പുസ്തക പബ്ലിഷറില്‍ നിന്ന് കിട്ടിയപ്പോള്‍ അതേപടി കത്തെഴുതി എകെജി സെന്ററില്‍ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.

അതൊക്കെയാണ് കമ്യുണിസ്റ്റ് കാരുടെ ജീവിതം.

അതുകൊണ്ടാണ് വി എസ് ,വി എസ് ആയത് . വീട്ടില്‍ കോടീശ്വരനായ ഒരു അതിഥി വന്നാല്‍ സ്വന്തം കുടുംബത്തെ എവിടെ നിര്‍ത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു.

വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടില്‍ എത്തിച്ചിട്ടില്ല.- ശക്തിധരന്‍ പറയുന്നു.

വ്യവസായികളില്‍ നിന്നോ മുതലാളിമാരില്‍ നിന്നോ പാര്‍ട്ടി പണം വാങ്ങില്ല എന്ന് താന്‍ പറയുന്നില്ല.

ഇടുക്കയില്‍ ചുമതല വഹിച്ചിരുന്ന കാലത്തെ ഒരു സംഭവം അദ്ദേഹം വിവരിക്കുന്നുണ്ട്.

കര്‍ഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ ചേരാനിരിക്കുകയായിരുന്നു .

സംഘാടകരുടെ കയ്യില്‍ കാല്‍ കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെ പോയത് മണര്‍കാട് പാപ്പന്റെ പാലായിലെ ബാറില്‍.

മുതലാളിയെക്കണ്ട് നേതാക്കള്‍ ആവശ്യം പറഞ്ഞു.

അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട് തൊട്ടടുത്തുള്ള അവരുടെ തിയറ്ററിലേക്ക് ഒരാളെ അയച്ചു മാറ്റിനിവരെയുള്ള കളക്ഷന്‍ ശേഖരിച്ചു.

എന്നിട്ടും ലക്ഷ്യം വെച്ച തുക തികഞ്ഞില്ല.

അവസാനം ഫസ്റ്റ് ഷോ കഴിയും വരെ കാത്തിരുന്ന് അതും കൂടി ശേഖരിച്ചാണ് ഞങ്ങള്‍ മടങ്ങിയത്.-അദ്ദേഹം പറയുന്നു.

കെ.കരുണാകരനുമായുള്ള ആത്മബന്ധം തുറന്നുപറയുന്ന പോസ്റ്റില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണത്തിനും മറുപടി നല്‍കുന്നുണ്ട്.

 

Related posts

Leave a Comment