ആരോപണങ്ങള്‍ ഭാവനമാത്രം; സഭാംഗങ്ങളാരും വിശദീകരണം ചോദിച്ചില്ല: സ്പീക്കര്‍

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവര്‍ത്തിച്ച്‌ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കര്‍ പറഞ്ഞു. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിന് മുമ്ബായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരാളുടെ ജോലിയെ നിര്‍ണയിക്കുന്നത് ആ ജോലി അയാള്‍ എങ്ങനെ നിര്‍വഹിച്ചു എന്ന് നോക്കിയിട്ടാണ്. അങ്ങനെ നോക്കുമ്ബോള്‍ സ്പീക്കര്‍ ആയിരിക്കുന്നത് സംബന്ധിച്ച്‌ ഒരു ആരോപണവും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ രാഷ്ട്രീയത്തില്‍ ഇതൊക്കെ സംഭവിക്കാം. ഡോളര്‍ക്കടത്ത് കേസുമായോ സ്വര്‍ണക്കടത്ത് കേസുമായോ ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല.

ശൂന്യതയില്‍ നിന്നുണ്ടായ ആരോപണമാണ് എനിക്കെതിരെ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നതിന് പിന്നാലെ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. താന്‍ അങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടും ദൗര്‍ഭാഗ്യകരമായ സംഭവമൊന്നുമല്ലിത്. ഞാന്‍ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, രാഷ്ട്രീയത്തില്‍ ഇതെല്ലാം സംഭവിക്കുമെന്നും അവിശ്വാസ പ്രമേയത്തെക്കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സ്പീക്കര്‍ പറഞ്ഞു. അര്‍ഹതയില്ലാത്ത അഭിനന്ദനങ്ങളും ഒരിക്കലും അറിയാത്ത കുറ്റങ്ങളും നമുക്കെതിരെ വന്നെന്നു വരാം. രണ്ടും ഏറ്റുവാങ്ങുക എന്നത് മാത്രമേ നിവൃത്തിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കാത്ത രീതിയില്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകള്‍മാറുമ്ബോള്‍ കേരള നിയമസഭ വിയോജിപ്പിന്റെ ശബ്ദം കൂടി കേള്‍ക്കാനുള്ള അവസരം ഒരുക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് അവര്‍ ഉന്നയിക്കട്ടെ എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സ്പീക്കര്‍ക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാല്‍ തന്നെ സ്വപ്നയെ കുറിച്ച്‌ അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനംചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച്‌ വ്യക്തത തേടാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നതെന്നും സ്പീക്കര്‍. താന്‍ വീണ്ടും മത്സരിക്കുമോയെന്നകാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സ്പീക്കര്‍. അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ചനടക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Related posts

Leave a Comment