ആരോഗ്യമന്ത്രി ഇടപെട്ടു; വര്‍ഷയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്ബില്‍, സാജന്‍ കേച്ചേരി എന്നിവര്‍ക്കെതിരെ കേസെടുത്തു

കൊച്ചി : മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായമഭ്യര്‍ത്ഥിച്ച്‌ സോഷ്യല്‍മീഡിയയിലൂടെ കണ്ണീരുമായി എത്തിയ വര്‍ഷയ്ക്ക് ലക്ഷങ്ങളുടെ സഹായമാണ് ലഭിച്ചത്. ചികിത്സക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തി വര്‍ഷ വീണ്ടും രംഗത്തെത്തിയിരുന്നു.

യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്ക് എതിരെ കേസെടുത്തു. ഫിറോസ് കുന്നംപറമ്ബില്‍, സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിത് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.

വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇടപെട്ടതിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനിയായ വര്‍ഷ എറണാകുളം ഡിസിപി പൂങ്കുഴലി ഐപിഎസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് വര്‍ഷയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ജൂണ്‍ 24നാണ് അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് പണം തേടി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫിറോസ് കുന്നുംപറമ്ബില്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ പങ്കുവെച്ചു. 30 ലക്ഷത്തില്‍ താഴെ തുകയാണ് ചികിത്സക്കായി വേണ്ടിയിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ തുക അക്കൗണ്ടിലേക്ക് എത്തി.

ഇതോടെ ഇനി ആരും പണം അയക്കേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടി 35 ലക്ഷം രൂപയാണ് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. പിന്നാലെ തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റണം എന്ന വാദവുമായി പണം സമാഹരിക്കാന്‍ സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ എത്തി.

സാജന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, പണം നല്‍കുമെന്ന് പറഞ്ഞു എന്ന വിധത്തില്‍ അപരിചിത നമ്ബറുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ വന്നതോടെയാണ് വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, സാജന്‍ കേച്ചേരി ആവശ്യപ്പെടുന്നത് പോലെ തന്നെയാണ് ഫിറോസ് കുന്നംപറമ്ബിലും തന്നെ ഫോണില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്നും വര്‍ഷ പറഞ്ഞിരുന്നു.

Related posts

Leave a Comment