ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചന: മുഖ്യമന്ത്രി

കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂത്രധാരനെ കയ്യോടെ പിടികൂടി.

സൂത്രധാരന്റെ കൂടെ പ്രവര്‍ത്തിച്ചവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്. ഇല്ലാത്ത ഒരു കാര്യം കെട്ടിച്ചമച്ച്‌ ആരോപണം ഉന്നയിക്കുകയാണ്. ഇതാദ്യത്തെ സംഭവമല്ല. ഇത്തരം ആരോപണത്തിന് ആയുസുണ്ടാവില്ല.

സര്‍ക്കാരിനെതിരെ കെട്ടിച്ചമച്ച കഥകള്‍ ഇനിയും വരും. ഗൂഢാലോചനയ്ക്ക് പിന്നില്‍ ചില വ്യക്തികളും മാധ്യമസ്ഥാപനങ്ങളുമുണ്ട്. തെറ്റില്ലാതെ പ്രവര്‍ത്തിച്ചുവരുന്നതാണ് ആരോഗ്യവകുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ പ്രതിരോധത്തിലടക്കം ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കണ്ണൂരില്‍ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യവകുപ്പിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഖില്‍ മാത്യൂവിന്റെ പേര് വന്നതില്‍ പോലും ഗൂഢാലോചനയുണ്ട്. ഹരിദാസന്‍ എന്നൊരാള്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ അന്നേദിവസം അഖില്‍ മാത്യൂ സ്ഥലത്തുണ്ടായിരുന്നില്ല, ആ സമയം പത്തനംതിട്ടയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു

എന്നാല്‍ മൂന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. ഈ പ്രചാരണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിരുന്നു. അത് അന്വേഷിക്കേണ്ടതായുണ്ട്. ഇപ്പോള്‍ രണ്ടു പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു.

അഖില്‍ സജീവിനെയും ഒരു അഡ്വക്കേറ്റിനെയും അറസ്റ്റു ചെയ്തു. അവര്‍ക്ക് ഇടതുപക്ഷവുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. അവര്‍ക്ക് ഇടതുപക്ഷവുമായി ഒരു ബന്ധവുമില്ല.

അഖില്‍ സജീവിനെ നേരത്തെ സിഐടിയു ഓഫീസില്‍ നിന്ന് നേരത്തെ പുറത്താക്കിയതാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

പ്രതികള്‍ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ഭാഗമാണെന്ന് പറയാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പ്രതികള്‍ മുന്‍പ് ഉണ്ടായിരുന്നുവെന്നത് ഭൂതകാലം മാത്രമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Related posts

Leave a Comment