ആയുര്‍വേദ വൈദ്യന്‍റെ കോവിഡ് മരുന്ന് ഫലപ്രദമെന്ന് പ്രചരണം; ശാസ്ത്രീയ പരിശോധനയ്ക്ക് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍

ഹൈദരാബാദ്: കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച്‌ ശാസ്ത്രീയ പരിശോധന നടത്താന്‍ ആന്ധ്രാ സര്‍ക്കാര്‍. കോവിഡ് ചികിത്സിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ആന്ധ്ര പ്രദേശ് നെല്ലൂരിലെ കൃഷ്ണപട്ടണം നഗരത്തിലെ ഒരു ആയുര്‍വേദ വൈദ്യനാണ് രംഗത്തെത്തിയത്. ഇയാള്‍ വിതരണം ചെയ്യുന്ന ആയുര്‍വേദ മരുന്ന് കോവിഡിന് ഫലപ്രദമാണെന്ന് വന്‍ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരുന്നിനെക്കുറിച്ച്‌ ശാസ്ത്രീയമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടത്.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ വൈഎസ്‌ആര്‍സിപിയുടെ എം എല്‍ എ ആയ കെ ഗോവര്‍ദ്ധന്‍ റെഡ്ഡി നേരിട്ട് ഈ ആയുര്‍വേദ മരുന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൃഷ്ണപട്ടണം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയായ ഗോവര്‍ദ്ധന്‍ ഈ മരുന്ന് കോവിഡ് 19-നെതിരെയുള്ള ഒരു അത്ഭുത മരുന്നാണെന്നാണ് ‘ദി ഇന്ത്യന്‍ എക്സ്പ്രസിനോട്’ സംസാരിക്കവെ പറഞ്ഞത്. 

“ഈ മരുന്ന് ഉപയോഗിച്ച നിരവധി കോവിഡ് 19 രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുകയോ അവര്‍ രോഗമുക്തി നേടുകയോ ചെയ്തിട്ടുണ്ട്. മരുന്ന് കണ്ടെത്തിയ ബോണിഗി ആനന്ദയ്യ വളരെ പ്രശസ്തനായ ആയുര്‍വേദ വൈദ്യനാണ്. അദ്ദേഹം കോവിഡ് 19-ന്റെ ചികിത്സയ്ക്കായി അഞ്ച് ഔഷധക്കൂട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുന്ന് ഫലപ്രദമാണ്. അതുകൊണ്ടാണ് കൃഷ്ണപട്ടണത്ത് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒരുപാട് ആളുകള്‍ മരുന്ന് വാങ്ങാനായി എത്തുന്നത്”. ഗോവര്‍ദ്ധന്‍ റെഡ്ഡി പറഞ്ഞു.

ധാരാളം ആളുകളാണ് മരുന്ന് വാങ്ങാനായി വൈദ്യന്‍റെ വീടിന് മുന്നില്‍ കൂട്ടമായി എത്തുന്നത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ വൈദ്യന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയിരിക്കുന്ന ജനക്കൂട്ടത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അവരെല്ലാം സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ അവിടെ നിയമിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കാവുന്ന വിധം ശ്രമിക്കുന്നുണ്ട് എന്നായിരുന്നു എംഎല്‍എയുടെ മറുപടി.

എന്നാല്‍, നിരവധി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി പി വി രമേശ് ഉള്‍പ്പെടെയുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും “കോവിഡ് ദുരന്തത്തിനുള്ള പാചകക്കുറിപ്പ്’ എന്ന് വിശേഷിപ്പിച്ച്‌ ഈ ആള്‍ക്കൂട്ടങ്ങളോടുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ അടിയന്തിര നടപടികളിലേക്ക് നീങ്ങിയത്.

“മെഡിക്കല്‍ വിദഗ്ദ്ധര്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ഈ ആയുര്‍വേദ മരുന്ന് പ്രചരിപ്പിക്കരുതെന്ന് എംഎല്‍എ ഗോവര്‍ദ്ധന്‍ റെഡ്ഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനാണ്”, ഒരു ഔദ്യോഗിക വക്താവ് പറഞ്ഞു. “കോവിഡ് 19 ചികിത്സിച്ച്‌ ഭേദമാക്കാന്‍ ഉപകരിക്കും എന്ന് അവകാശപ്പെടുന്ന ഈ മരുന്നിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച്‌ വിശദമായ പഠനം നടത്താന്‍ ഐ സി എം ആറിന് അയച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മരുന്നിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അടക്കമുള്ള ഒരു മെഡിക്കല്‍ സംഘത്തെ നെല്ലൂരിലേക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്ര പ്രദേശിലെ സംഘത്തോടൊപ്പം ഐ സി എം ആറിന്റെ ഒരു വിദഗ്ദ്ധ സംഘവും അന്വേഷണം നടത്താനായി നെല്ലൂരില്‍ എത്തിച്ചേരും. നെല്ലൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഇവിടുത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment