ആനയും ആര്‍പ്പുവിളികളുമില്ല; ലോക്ക് ഡൗണിനിടെ തൃശൂര്‍ പൂരം ഇന്ന്

തൃശൂര്‍: കൊറോണ നിയന്ത്രണം നിലനില്‍ക്കുന്നതോടെ ആനയും ആളുകളും അരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആളുകളെ പൂര്‍ണമായും ഒഴിവാക്കും. ചരിത്രത്തില്‍ ആദ്യമായാണ് ചടങ്ങ് പോലുമില്ലാതെ പൂരം പൂര്‍ണമായും ഒഴിവാക്കുന്നത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. തിരുവമ്ബാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രത്തങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ പൂരം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചപ്പോള്‍ എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊടിയേറ്റം സാധാരണ പോലെ നടത്താന്‍ ദേവസ്വം പിന്നീട് തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.

എഴുന്നള്ളിപ്പ് ഒരാനപ്പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ എഴുന്നള്ളിപ്പും ആനയും മേളവും ഉണ്ടായാല്‍ ജനങ്ങള്‍ കൂട്ടത്തോടെയെത്തുമെന്ന വിലയിരുത്തലില്‍ പാറമേക്കാവിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളുകയായിരുന്നു. ഞാറഴ്ച നടക്കുന്ന ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങും ഉണ്ടാകില്ല. ചരിത്രത്തില്‍ ഇതുവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത ചടങ്ങുകള്‍ നടന്നിരുന്നു. നേരത്തെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയം ഉള്‍പ്പടെ നാല് തവണയാണ് പൂരം ചടങ്ങ് മാത്രമായി നടത്തിയത്.

Related posts

Leave a Comment