ആദ്യം ചെറിയ കുഴി, രാത്രിയോടെ റോഡ് ഇടിഞ്ഞ് കിണറായി; കഴക്കൂട്ടം ദേശീയ പാത ബൈപാസിൽ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാത ബൈപാസിൽ ഇൻഫോസിസിന് സമീപം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു.

വാട്ടർ അതോറിറ്റിയുടെ സ്വിവറേജ് പൈപ്പിടാനായി ഡ്രിൽ ചെയ്തപ്പോൾ ഉണ്ടായ പ്രഷർ ആണ് അഗാധമായ ഗർത്തം റോഡിൽ രൂപപ്പെടാൻ കാരണമായതായി വാട്ടർ അതോറിറ്റിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

ഇന്നലെ (വെള്ളിയാഴ്ച) വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആദ്യം ചെറിയ രീതിയിൽ രൂപപ്പെട്ട കുഴി രാത്രിയോടെ വൻ ഗർത്തമായി രൂപപ്പെടുകയായിരുന്നു.

പോലീസിൻ്റെ സംയോജിത ഇടപെടലിൽ വൻ അപകടമാണ് ഒഴിവായത്. തുടക്കത്തിൽ വാഹനഗതാഗതം രൂക്ഷമാകുകയും തുടർന്ന് പോലീസും വാട്ടർ അതോറിറ്റി ജീവനക്കാരുമെത്തി ഗതാഗതം ഏറെക്കുറെ സുഗമമാക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞ് നാഷ്ണൽ ഹൈവേയുടെയും വാട്ടർ അതോറിറ്റിയുടെയും ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് തന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.

കഴക്കൂട്ടത്തുനിന്ന് കുഴിവിളയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പോകുന്ന സുവിജ് പൈപ്പ് ലൈൻ ബൈപാസിന് കുറുകെയാണ് പോകുന്നത്.

ബൈപാസ് വെട്ടിപൊളിക്കാൻ ദേശീയപാത അധികൃതർ അനുമതി നൽകാത്തതിനെ തുടർന്ന് രണ്ടുദിവസമായി ഈ ഭാഗത്ത് റോഡിനടിയിലൂ‌ടെ യന്ത്രം ഉപയോഗിച്ച് പൈപ്പ് കടന്നുപോകാനുള്ള കുഴി തെളിക്കുന്ന ജോലി നടന്നിരുന്നു.

കുഴിച്ച ഭാഗത്തെ റോഡിന്റെ ഒരു ഭാഗം ആണ് ഇന്നലെ സന്ധ്യ‌യോടെ കിണറിന്റെ വലിപ്പത്തിൽ ഇടിഞ്ഞുതാഴ്ന്നത്.

Related posts

Leave a Comment