കണ്ണൂര്‍: ആകാശ് തില്ലങ്കേരിയില്‍ നിന്നും സ്വര്‍ണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം.
പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ഷാജര്‍ ചോര്‍ത്തുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രനാണ് പരാതി അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ഷാജര്‍, ആകാശ് തില്ലങ്കേരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാദ്ധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാവന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന് രോമാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു.
പിന്നാലെയാണ് ആകാശ് തില്ലേങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചതായുള്ള വിവരം പുറത്ത് വരുന്നത്.
നേരത്തെ വഞ്ഞേരിയില്‍ നടന്ന ചടങ്ങില്‍ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോഫി നല്കുന്ന ചിത്രവും വിവാദമായിരുന്നു.
അതേസമയം, ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണം പച്ചക്കള്ളമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
തില്ലങ്കേരി വാര്‍ത്ത പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജ വാര്‍ത്ത മാത്രമാണിതെന്നും ഒരു അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.