ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വളര്‍ത്ത് പൂച്ചകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വളര്‍ത്തു മൃഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിതെന്നാണ് വിവരം. അതേസമയം പൂച്ചകള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ചെറിയ രീതിയില്‍ മാത്രമേ കാണിക്കുന്നുള്ളുവെന്നും ഇവ ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്ന് കരുതുന്നതായും അമേരിക്കന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ട രണ്ട് പൂച്ചകളില്‍ ഒന്നിന്റെ ഉടമയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പൂച്ചയുടെ വീട്ടില്‍ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. കോവിഡിന്റെ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും മറ്റുമാകാം ഈ പൂച്ചയ്ക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ നേരത്തെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു.