ഗുവഹാട്ടി: ( 19.10.2020) അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപ്പുര്‍ മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന അതിര്‍ത്തിയില്‍ ലൈലാപുറിന് സമീപം നിരവധി കുടിലുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. അതിര്‍ത്തിയില്‍ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഞായറാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിനേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും ഫോണിലൂടെ അറിയിച്ചു. അദ്ദേഹം മിസോറം മുഖ്യമന്ത്രി സോറാംതംഗയുമായും ഫോണില്‍ സംസാരിക്കുകയും അതിര്‍ത്തി സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ മിസോറാമിലെ വെറെങ്‌ടെയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സൈഹൈപുയി വി ഗ്രാമത്തിന് സമീപം കാവല്‍ നില്‍ക്കുന്ന പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക കുടിലുകള്‍ പൊളിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ യാത്രകള്‍ പരിശോധിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്നത്.
അസമുമായി 164.6 കിലോമീറ്റര്‍ അതിര്‍ത്തിയാണ് മിസോറാം പങ്കിടുന്നത്. അതിര്‍ത്തി ഗ്രാമത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാന്റിന് സമീപത്ത് നിന്നവര്‍ക്ക് നേരെ അസമില്‍ നിന്നുള്ള ചിലര്‍ കല്ലെറിഞ്ഞതോടെ വെറെങ്‌ടെയില്‍ നിന്നുള്ളവര്‍ സംഘടിക്കുകയായിരുന്നു. തിരിച്ചാക്രമിച്ച അവര്‍ ദേശീയ പാതയ്ക്ക് സമീപം ലൈലാപുറില്‍ നിന്നുള്ളവര്‍ പണിത ഇരുപതോളം താല്‍ക്കാലിക കുടിലുകള്‍ക്ക് തീ വെയ്ക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരെ മിസോറാമിലെ വെറെങ്‌ടെയിലും അസമിലെ ലൈലാപൂരിനുസമീപവും വിന്യസിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മിസോറം മുഖ്യമന്ത്രി സോറാംതംഗയും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്.