‘അവിവാഹിത, അന്യായ തടങ്കൽ നീതിയെ പരിഹസിക്കും’: കെ.വിദ്യ ഹൈക്കോടതിയിൽ

കൊച്ചി : ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കേസിനു പിന്നിൽ രാഷ്ട്രീയകാരണങ്ങളാണെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചുള്ള ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും.

ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകുമെന്നും ഹർജിയിൽ പറയുന്നു.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

സംശയം തോന്നി അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468),യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.

ഇതിൽ ഐപിസി 468 മാത്രമാണു ജാമ്യമില്ലാ കുറ്റമെന്നും വ്യാജരേഖ ചമച്ചതിന്റെ തുടർച്ചയായി വഞ്ചന നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അതു ബാധകമാകില്ലെന്നുമാണു വാദം.

വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ജോലി നേടിയിട്ടില്ല.

Related posts

Leave a Comment