ചിറ്റൂര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ അമ്മ മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂജയെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കും അറിയാമായിരുന്നുവെന്നാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നല്കുന്ന സൂചന.
പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്കി. മദനപ്പള്ളി സ്വദേശിനിയും, അദ്ധ്യാപികയുമായ പദ്മജ(50) മക്കളായ അലേക്യ(27), ദിവ സായി(22) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവായ പുരുഷോത്തം നായിഡുവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
ഇളയമകളെ കൊന്നത് താനല്ലെന്നും, അലേക്യയാണെന്നുമാണ് പദ്മജ പറയുന്നത്. അനുജത്തിയെ കൊന്ന ശേഷം തന്നെ കൊലപ്പെടുത്തണമെന്ന് അവളാണ് ആവശ്യപ്പെട്ടതെന്നും പ്രതി പറഞ്ഞു. മൃതദേഹങ്ങള്‍ നഗ്നമായ നിലയിലായിരുന്നു. പൊലീസെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ നഗ്നമായ നിലയിലാണെന്നും, കാണാന്‍ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ചവരെ കാത്തിരിക്കാനും ആവശ്യപ്പെട്ടു.
കലിയുഗം അവസാനിക്കുന്നതോടെ മക്കള്‍ക്ക് ജീവന് തിരികെ കിട്ടുമെന്നും, ഐശ്വര്യം ഉണ്ടാകുമെന്നും വിശ്വസിച്ചായിരുന്നു കൃത്യം നടത്തിയത്.കൊലപ്പെടുത്തിയതിനുശേഷം ഇരുവരും ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ദമ്ബതികള്‍ പലപ്പോഴും വിചിത്രമായാണ് പെരുമാറിയിരുന്നതെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. പലപ്പോഴും ഇവരുടെ വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നു എന്നും അവര്‍ പറയുന്നു. ഇത് സ്ഥിരമായതോടെ ആരും ഗൗനിക്കാതായി. കൊലനടന്ന ദിവസം ഉച്ചത്തില്‍ നിലവിളി കേട്ടതോടെ പരിസരവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.