ന്യൂഡല്‍ഹി: കാമുകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ മൃതദേഹം പല കഷണങ്ങളാക്കി പല ഭാഗങ്ങളില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മഹാരാഷ്‌ട്രയില്‍ സ്വന്തം നാടായ വസെയില്‍ വച്ച് അഫ്താബ് പൂനാവാലയ്‌ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വച്ച് ശ്രദ്ധയ്‌ക്ക് നിരന്തരമായി മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധ പോലീസില്‍ പരാതി നല്‍കിയത്.
അഫ്താബിന്റെ അക്രമാസക്തമായ പെരുമാറ്റത്തെകുറിച്ച് അയാളുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്താബിന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
സഹപ്രവര്‍ത്തകരില്‍ ഒരാളോടാണ് പരാതി നല്‍കിയ വിവരം ശ്രദ്ധ പറയുന്നത്. അഫ്താബിന്റെ മര്‍ദ്ദനത്തില്‍ ശ്രദ്ധയുടെ മുഖത്തിന് മുറിവേറ്റിരുന്നു. ഈ ഫോട്ടോയും അയച്ച് നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെ കൂടുതല്‍ പരിക്കുകള്‍ ഏറ്റ നിലയില്‍ ശ്രദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലൊണ് അഫ്താബ് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്രദ്ധ പരാതി നല്‍കുന്നത്. ‘ അവന്‍ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് നോക്കിയത്. എന്നെ കൊല്ലും എന്ന് എപ്പോഴും പറയും.
കൊന്ന് കഷണങ്ങളാക്കി എറിഞ്ഞു കളയുമെന്നാണ് എപ്പോഴും പറയുന്നത്. ഇതുപോലെ മര്‍ദ്ദിക്കാന്‍ തുടങ്ങിയിട്ട് ആറ് മാസമായി. പക്ഷേ പരാതി നല്‍കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കുന്നത്.
അഫ്താബ് മര്‍ദ്ദിക്കുന്നതിനെ കുറിച്ചും കൊല്ലാന്‍ ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം അവന്റെ മാതാപിതാക്കള്‍ക്ക് അറിയാം. ഞങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അവര്‍ക്കറിയാം.
ഇനി അയാളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. എന്നെ അയാള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലാന്‍ ശ്രമിച്ചേക്കാമെന്നും’ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ എത്ര നാള്‍ അവര്‍ പിരിഞ്ഞ് താമസിച്ചിരുന്നു എന്ന കാര്യം വ്യക്തമല്ലെന്നാണ് സുഹൃത്ത് പറയുന്നത്.
പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരും ഒരുമിച്ച് ജിവിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നു.