അറിയാതെ എടുത്ത് പോയതാണ്, മോഷണശേഷം മാനസാന്തരം; മാല വിറ്റ തുകയും ക്ഷമാപണം നടത്തി ഒരു കത്തും തിരികെയേല്‍പ്പിച്ച്‌ മോഷ്ടാവ്

മോഷണശേഷം മാനസാന്തരമുണ്ടായ മോഷ്ടാവ് മോഷണമുതല്‍ വിറ്റുകിട്ടിയ പണം തിരികെയേല്‍പ്പിച്ചു. വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം കൗതുകത്തിലാക്കിയ ഈ സംഭവമുണ്ടായത് കോട്ടയം കുമാരനല്ലൂരിലാണ്.

എജെബി സ്കൂളിന് സമീപമുള്ള വീട്ടില്‍ താമസിക്കുന്ന മൂന്ന് വയസ്സുകാരി ഹവ്വയുടെ ഒന്നേകാല്‍ പവന്റെ മാല ഇക്കഴിഞ്ഞ 19 നു നഷ്ടപ്പെട്ടിരുന്നു.

കുട്ടിയെ കുളിപ്പിക്കുമ്ബോഴും വസ്ത്രം മാറ്റുമ്ബോഴുമെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പിന്നീടാണ് മാല കാണാതായത്.

റോഡിനോട് ചേര്‍ന്നാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടതറിഞ്ഞതുമുതല്‍ ഇവര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാല നഷ്ടപ്പെട്ട് രണ്ട് ദിവസത്തിനകം 52,500 രൂപയും ക്ഷമാപണമടങ്ങിയ ഒരു കുറിപ്പും വീടിന്റെ പിൻവശത്തെ വര്‍ക്ക് ഏരിയയില്‍ നിന്ന് ലഭിച്ചത്.

മാല എടുത്ത് വിറ്റുവെന്നും, തിരയുന്നതുകണ്ടപ്പോള്‍ വിഷമമുണ്ടായെന്നും അതിനാല്‍ മാല വിറ്റ് കിട്ടിയ തുക തിരികെ നല്‍കുന്നുവെന്നും, മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തില്‍ പറയുന്നു.

മാല തിരികെ ലഭിച്ചില്ലെങ്കിലും മാലയുടെ തുക ലഭിച്ചതിന്റെ ആശ്വാസത്തിലാണ്‌ കുടുംബം.

Related posts

Leave a Comment