അറസ്റ്റിന് മുമ്പ് അഭിഭാഷകനെ കണ്ട് തന്ത്രങ്ങള്‍ മെനഞ്ഞതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍; പാമ്പ് കൈമാറ്റത്തിന്റെ വീഡിയോ കിട്ടാത്തതിന് കാരണം ലോക്ഡൗണില്‍ കടകള്‍ അടഞ്ഞു കിടന്നതിനാല്‍; അഞ്ചലിലെ വില്ലന്റെ പ്രതിരോധ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് മാപ്പു സാക്ഷിയെന്ന തുറുപ്പു ചീട്ട് പുറത്തെടുക്കാന്‍ പൊലീസ്; വാവ സുരേഷിനെ സാക്ഷിയുമാക്കില്ല; ഉത്രയെ കൊന്ന സൂരജിനെ തളയ്ക്കാന്‍ വജ്രായുധമാകുക കല്ലുവാതുക്കല്‍ സുരേഷ് എന്ന പാമ്പു പിടിത്തക്കാരന്‍ തന്നെ

അടൂര്‍: ഉത്ര വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദര്‍ശിച്ചതായി സൂചന. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീര്‍ഘനേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കേസിനെ ശക്തിപ്പെടുത്താന്‍ പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി മജിസ്‌ട്രേട്ടിന് മുമ്പില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. 30 കോടതിയില്‍ സുരേഷിനെ ഹാജരാക്കുമെന്നാണ് സൂചന. അതിശക്തമായ സാക്ഷിയെ കേസില്‍ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നീക്കം.

കഴിഞ്ഞ ദിവസം പൊലീസിനെതിരെ സൂരജ് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു തെളിവെടുപ്പിനിടെ സൂരജിന്റെ ആരോപണം. ഇതെല്ലാം അഭിഭാഷകന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. സൂരജിനെ സഹോദരിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ ്‌ചെയ്തത്.

അതിനിടെ, സൂരജിന്റെ ജാമ്യത്തിനായുള്ള നീക്കങ്ങളും കുടുംബം തുടരുകയാണ്. മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്നതിനാല്‍ ഹൈക്കോടതി വഴി ജാമ്യം നേടാനാണ് ശ്രമം. ഉത്ര വധക്കേസില്‍ നാല് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞദിവസം അടൂര്‍ പറക്കോട്ടെ വീട്ടിലും ഏനാത്തും പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ നടന്നില്ല. ബാങ്കിന്റെ ആസ്ഥാനത്ത് നിന്ന് നിയമപ്രകാരമുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ ഇവിടെ തെളിവെടുപ്പ് നടത്താനാകൂ. ഇതിനായുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. കേസ് അട്ടിമറിക്കാന്‍ തന്ത്രങ്ങള്‍ സൂരജിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാപ്പു സാക്ഷിയെ കൊണ്ടു വരുന്നത്.

സൂരജിനെ പാമ്പുകളെ നല്‍കിയ ചിറക്കര സുരേഷിനെയാണ് മാപ്പുസാക്ഷിയാക്കുക. മജിസട്രേറ്റിനു മുന്നില്‍ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഈ മാസം 30 ന് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സുരേഷാണ് ഉത്രയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിന് പാമ്പിനെ കൈമാറുന്നത്. ഏപ്രില്‍ 24ന് ഏനാത്ത് ജംഗ്ഷനില്‍ വച്ചായിരുന്നു കൈമാറ്റം. അന്ന് ലോക്ക്ഡൗണ്‍ ആയതിനാല്‍ പ്രദേശം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. സമീപത്തെ കടകളിലെ സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും ഇന്നലെ ഇവിടെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. സിസിടിവി തെളിവില്ലാത്തതു കൊണ്ടാണ് സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത്. അത്യപൂര്‍വ്വമായ ഈ കുറ്റകൃത്യം തെളിയിക്കാന്‍ കൂടി വേണ്ടിയാണ് ഇത്.

ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് താന്‍ ഉത്രയെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുറ്റസമ്മതം. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും വിവാഹമോചനം ഭയന്നാണ് ഉത്രയെ കൊന്നത് എന്നുമാണ് സൂരജിന്റെ കുറ്റസമ്മത മൊഴി. എന്നാല്‍,എന്നാല്‍, വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ ഒരിക്കല്‍ പോലും ആലോചിച്ചിരുന്നില്ലെന്നും ഉത്രയുടെ അച്ഛന്‍ പറയുന്നു. സൂരജിന്റെ വീട്ടില്‍ വച്ച്‌ മകള്‍ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.

അതിനിടെ കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നുവെന്നും സൂചനയുണ്ട്. ശാസ്ത്രീയമായ നിലയില്‍ വൈദഗ്ധ്യമുള്ള ഫോറൻസിക് വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. എന്നാല്‍ തനിക്ക് ഇത് സംബന്ധിച്ച വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് വാവ സുരേഷ് പറഞ്ഞു. നേരത്തെ പൊലീസ് വിളിക്കുമെന്നും മൊഴി നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാല്‍ പുതിയ തീരുമാനത്തെ കുറിച്ച്‌ അറിയില്ലെന്നും വാവ സുരേഷ് പറഞ്ഞു. അധികൃതരുടെ തീരുമാനത്തോട് യോജിക്കുന്നതായി വാവ സുരേഷ് പറഞ്ഞു.

തന്നെ പോലൊരു വ്യക്തിയുടെ മൊഴിയെക്കാളും വിദഗ്ധരുടെ മൊഴി കേസില്‍ നിര്‍ണായകമാണെന്നും കേസിനെ ബലപ്പെടുത്തുമെന്നും വാവ സുരേഷ് പറഞ്ഞു.

Related posts

Leave a Comment