ദുബൈ: അറബ് ലോകത്തിന്‍റെ പ്രതീക്ഷകളുംപേറി യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യം ‘റാശിദ് റോവര്‍’ ഇന്ന് കുതിപ്പ് തുടങ്ങും.
ബുധനാഴ്ച ഉച്ചക്ക് 12.39ന് േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്നാണ് റാശിദ് റോവറിന്‍റെ വിക്ഷേപണം. അറബ് ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമായതിനാല്‍ കണ്ണും കാതും കൂര്‍പ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗള്‍ഫ് ഒന്നടങ്കം.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. എന്നാല്‍, നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് വിലയിരുത്തല്‍.
മഴക്ക് നാലുശതമാനം സാധ്യത മാത്രമാണുള്ളത്. അവസാനനിമിഷം വിക്ഷേപണം മാറ്റേണ്ടി വന്നാല്‍ ഡിസംബര്‍ ഒന്നിന് ഉച്ചക്ക് 12.37 ആണ് അടുത്ത സമയമായി കണ്ടുവെച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം ഏപ്രിലോടെ ‘റാശിദ്’ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും.
രാവിലെ 10.30 മുതല്‍ സംപ്രേഷണം തുടങ്ങും. ഐ സ്പേസാണ് ‘ഹകുട്ടോ-ആര്‍ മിഷന്‍-1’ എന്ന ജാപ്പനീസ് ലാന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ലാന്‍ഡറിലാണ് ‘റാശിദി’നെ ചന്ദ്രോപരിതലത്തില്‍ എത്തിക്കുക.
ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്‍ററിലെ എന്‍ജിനീയര്‍മാരാണ് റാശിദ് റോവര്‍ നിര്‍മിച്ചത്. സ്വപ്നതടാകം എന്നര്‍ഥമുള്ള ‘ലാകസ് സോംനിയോറം’ എന്ന ഭാഗത്തായിരിക്കും ചന്ദ്രനില്‍ റാശിദ് ഇറങ്ങുക.
‘സ്വപ്നതടാകം’ പ്രാഥമിക ലാന്‍ഡിങ് സൈറ്റാണ്, മറ്റ് മൂന്ന് സ്ഥലങ്ങള്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്.
അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്റെ നാമധേയത്തിലാണ് പദ്ധതി അറിയപ്പെടുന്നത്.