കോട്ടയം: അര്‍ധരാത്രിയില്‍ യാത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വേ. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായത്.
കൊച്ചുവേളി സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായാണ് പൊടുന്നനെ 20 ഓളം ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ചില ട്രെയിനുകള്‍ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലായത്.
റിസര്‍വേഷന്‍ വേളയില്‍ സൂചന നല്‍കാതെയാണ് ഈ നിയന്ത്രണം റെയില്‍വേ ഏര്‍പ്പെടുത്തിയത്.
ഡിസംബര്‍ ആറിന് ഭവനഗര്‍ ടെര്‍മിനലില്‍ നിന്നു പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസിലെ (19260) യാത്രക്കാര്‍ക്കാണു കൂടുതല്‍ ദുരിതം. 7ന് രാത്രി 11 മണിയോടെ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം റയില്‍വേ പുറത്തിറക്കിയ അറിയിപ്പിലുള്ളത്.
ഇതോടെ എറണാകുളം മുതല്‍ കൊച്ചുവേളിവരെയുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലാവും. തുടര്‍യാത്രയ്ക്കു മറ്റു ക്രമീകരണങ്ങളൊന്നും റെയില്‍വേ ഇതുവരെ ഒരുക്കിയിട്ടില്ല.
ഇതിനു പിന്നാലെ എറണാകുളത്ത് എത്തേണ്ട കോട്ടയം വഴിയുള്ള രാജ്യറാണി എക്സ്പ്രസ് 7 മുതല്‍ 12 വരെ പൂര്‍ണമായും റദ്ദാക്കി. ഇതോടെ ഒന്നര മണിക്കൂറിനു ശേഷം അര്‍ധരാത്രി 12.30 ഓടെ എത്തേണ്ട അമൃത എക്സ്പ്രസാണ് ഏകമാര്‍ഗം.
എന്നാല്‍ ഈ ട്രെയിനില്‍ റിസര്‍വേഷന്‍ തീര്‍ന്നിട്ട് ദിവസങ്ങളായി. ഇതോടെയാണ് അര്‍ധരാത്രി എത്തുന്ന ഭവനഗര്‍-കൊച്ചുവേളി എക്സ്പ്രസ്
എറണാകുളത്ത് യാത്ര അവസാനിപ്പിക്കാതെ കൊല്ലത്തേക്ക് നീട്ടുകയോ ഇതേ സമയം മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയോ വേണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തിയത്.
കൊച്ചുവേളി എക്സ്പ്രസിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ രാത്രി ഇതേ ടിക്കറ്റുമായി അമൃത എക്സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയാല്‍ ഉണ്ടാകാവുന്ന സംഘര്‍ഷ സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിലുണ്ട്.
ശബരിമല തീര്‍ഥാടകരെ പെരുവഴിയിലാക്കിയാലുണ്ടാകാവുന്ന പ്രശ്നങ്ങളും തള്ളിക്കളയാനാവില്ല. ട്രെയിന്‍ കൊല്ലത്തേക്കെങ്കിലും നീട്ടാതെ അര്‍ധരാത്രി
എറണാകുളത്ത് ഇറക്കിവിട്ടാല്‍ തുടര്‍ന്നുണ്ടാകുന്ന ചെലവുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നു യാത്രക്കാരില്‍ ചിലര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.
ട്രെയിന്‍ കൊല്ലത്തേക്കു നീട്ടുകയോ എറണാകുളത്ത് എത്തിയാലുടന്‍ കൊച്ചുവേളി ഭാഗത്തേക്കു കോട്ടയം വഴി മെമു സര്‍വീസ് ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റയില്‍സ് സെക്രട്ടറി ജെ.ലിയോണ്‍സ് ആവശ്യപ്പെട്ടു.