അര്‍ജ്ജുനായുള്ള തിരച്ചില്‍ തുടരും; തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജിങ് യന്ത്രം എത്തിക്കും; സംയുക്തയോഗത്തിനൊടുവില്‍ ആശ്വാസ തീരുമാനം; ദൗത്യ മേഖലയില്‍ നിന്നും മടങ്ങി നാവികസേന

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരാൻ തീരുമാനം.

കേരളത്തിന്റെയും കർണാടകയുടെയും മുഖ്യമന്ത്രിമാർ ഫോണില്‍ സംസാരിച്ചതിനെ തുടർന്നാണ് തിരച്ചില്‍ തുടരുന്നതിനുള്ള തീരുമാനമായത്.നിലവില്‍ ദൗത്യ മേഖലയില്‍ നിന്നും നാവികസേന മടങ്ങിയിട്ടുണ്ട്.

തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജർ എത്തിച്ചതിന് ശേഷം തിരച്ചില്‍ നടപടികള്‍ പുരോഗമിക്കും എന്നാണ് കരുതുന്നത്. തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജിങ് യന്ത്രം ഷിരൂരില്‍ എത്തിക്കുകയും ചെളിയും മണ്ണും ഇളക്കി കളഞ്ഞ് ട്രക്ക് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യും. 24 മണിക്കൂറിനകം ഡ്രഡ്ജിങ് യന്ത്രം ഷിരൂരില്‍ എത്തിക്കാമെന്ന് എംഎല്‍എ എം വിജിൻ പറഞ്ഞു. അതേസമയം പ്രായോഗിക പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്ന് കർണാടക മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

തിരച്ചില്‍ പുനരാരംഭിക്കണമെങ്കില്‍ കാലാവസ്ഥ പൂർണമായി മാറി തെളിഞ്ഞു നിന്നാല്‍ മാത്രമേ സാധിക്കൂ എന്ന് കാർവാർ എംഎല്‍എ സതീഷ് സെയ്‌ല്‍ പറഞ്ഞു. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ എല്ലാം ചെയ്തു എന്നും 21ആം തീയതി വരെ ഇവിടെ മഴ പ്രവചനം ഉണ്ടെന്നും എംഎല്‍എ പറഞ്ഞു. അതേസമയം തിരച്ചില്‍ നിർത്തിവയ്‌ക്കരുത് എന്നും രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിന് നിർദ്ദേശങ്ങള്‍ നല്‍കുന്നതിനായി അഭ്യർത്ഥിക്കുന്നുവെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയക്ക് കഴിഞ്ഞദിവസം കത്തയക്കുകയും ചെയ്തിരുന്നു.

രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരച്ചില്‍ താല്‍ക്കാലികമായി നിർത്തിവെച്ച കർണാടകയുടെ നടപടിക്കെതിരെ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരും അർജുന്റെ ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പുഴയില്‍ ഇറങ്ങാൻ സാധിക്കുന്നില്ല എന്നായിരുന്നു രക്ഷാപ്രവർത്തനം നിർത്തിയ നടപടിക്ക് എംഎല്‍എ നല്‍കിയ വിശദീകരണം.

Related posts

Leave a Comment