ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ഇന്ന് പൊളിച്ച് പരിശോധിക്കും.
ലോറിയുടെ ക്യാബിനില്‍ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണിത്.
അർജുന്‍റെ മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അർജുന്‍റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്‌എസ്‌എല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേരള സർക്കാർ ഏറ്റെടുക്കും.
ഗംഗാവാലി പുഴയില്‍നിന്ന് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് അർജുന്‍റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്‍റെ ക്യാബിനുള്ളില്‍ ആണ് മൃതദേഹമുണ്ടായിരുന്നത്.
സിപി-2 എന്ന പോയിന്‍റ് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താനായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തിരച്ചില്‍ നടത്തിയത്.