അയാള്‍ ആരാണ് മഹാരാജാവോ? ഈ ഗവര്‍ണറെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ വി സിമാരുടെ രാജി ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി കെ മുരളീധരന്‍ എംപി.

ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. എല്ലാ വി സിമാരെയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ് . അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്നും കെ മുരളീധരന്‍ ചോദിച്ചു. ഗവര്‍ണര്‍ എടുത്തുചാടി പ്രവര്‍ത്തിക്കുന്നുവെന്നും, ഗവര്‍ണര്‍ രാജാവാണോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമേ ഉള്ളൂ എന്ന് പറഞ്ഞ മുരളീധരന്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ നടക്കുന്നത് കാവിവല്‍ക്കരണ മാര്‍ക്സിസ്റ്റ്‌വല്‍ക്കരണ യുദ്ധമാണ്. സിപിഎം എറാന്‍മൂളികളെ വയ്ക്കാന്‍ മുഖ്യമന്ത്രിയും ബിജെപി എറാന്‍മൂളികളെ വയ്ക്കാന്‍ ഗവര്‍ണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോവുന്നു. യൂണിവേഴ്സിറ്റികള്‍ താളം തെറ്റിയ അവസ്ഥയിലാകും. പ്രതിപക്ഷത്തിന് ഇതില്‍ റോളില്ല. ചെപ്പടിവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു. സുപ്രീംകോടതി വിധിയുടെ മറവില്‍ എല്ലാ വി സിമാര്‍ക്കും എതിരെ നടപടി എടുത്തു. ഗവര്‍ണര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യു‌ഡിഎഫിന് ഇല്ല. ഗവര്‍ണര്‍മാരിലൂടെ കാവിവല്‍ക്കരണം നടത്താന്‍ ശ്രമം നടക്കുന്നു. ഗവര്‍ണറെ വച്ച്‌ കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്ന് അവരോട് ചോദിക്കണം. പുറത്താക്കി പകരം വി സിമാരെ വയ്ക്കുന്നതില്‍ യോജിപ്പില്ല. ‘- കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം, ലീഗിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണറുടെ എല്ലാ നിലപാടുകളും അംഗാകരിക്കാനാവില്ല. ജനാധിപത്യ മാര്‍ഗത്തില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment