കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി പ്രതിഷേധത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു മന്ത്രിമാരുടെ സംഘം.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മന്ത്രി വി എൻ വാസവൻ എന്നിവർ രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ എത്തി. മന്ത്രിമാർ വിദ്യാർഥികളുമായി ചർച്ച നടത്തി.
ഉടൻ മാനേജ്മെന്റ് പ്രതിനിധികളെയും കാണും. വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം കഴിഞ്ഞദിവസം സംഘർഷത്തിലേക്ക് കടന്നിരുന്നു.
ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോളേജിലെ വിദ്യാർഥികൾ. ഇതിനിടെ, മന്ത്രിതല ചർച്ചയ്ക്ക് ക്ഷണം ലഭിച്ച വിദ്യാർഥികളെ കോളേജ് മാനേജ്മെന്റ് ഇടപെട്ട് പൂട്ടിയിട്ടതായി പരാതി ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.മന്ത്രിമാർ പങ്കെടുക്കുന്ന ചർച്ചയിലേയ്ക്കു ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിനെയും വിളിച്ചു വരുത്തിയിട്ടുണ്ട്.
ക്യാമ്പസിൽ നടന്ന പോലീസ് നടപടിയെപ്പറ്റി വിവാദം ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ചർച്ചയിലേയ്ക്കു വിളിച്ചു വരുത്തിയിരിക്കുന്നത്.ഇന്നലെയും വിദ്യാർഥികൾ മാനേജ്മെന്റിനെതിരെ ശക്തമായ സമരം നടത്തിയിരുന്നു.
കോളേജിന്റെ പ്രധാന കവാടം വിദ്യാർഥികൾ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായി. അധ്യാപകരെ അടക്കം കോളേജിന് പുറത്തിറങ്ങാൻ അനുവദിക്കാതിരുന്ന വിദ്യാർഥികൾ കവാടത്തിനടുത്ത് നിലയുറപ്പിച്ചിരുന്നു.
സമരത്തിന് ഐക്യദാർഢ്യം അറിയിച്ച എസ്എഫ്ഐ കോളേജിന് പുറത്ത് കൊടി നാട്ടുകയും ചെയ്തു.രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർഥിനി തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് ആത്മഹത്യ ചെയ്തത്.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽനിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.പോലീസ് നടപടി വൈകുന്നതിലും വിദ്യാർഥികൾക്ക് അമർഷമുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ച നിർണായകമാണ്. അതേ സമയം, കോളജിലേക്ക് എബിവിപി ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സ്കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയാണ്.